168 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്ന വെസ്റ്റ് ജെറ്റ് വിമാനവും സണ്‍വിങ് വിമാനവും കൂട്ടിയിടിച്ച് തീപിടുത്തം

ടൊറന്റൊ: കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വെസ്റ്റ് ജെറ്റ്, സണ്‍വിങ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു സണ്‍വിങ് വിമാനത്തിന്റെ പിന്‍ഭാഗത്തിന് തീപിടിച്ചു. അപകടസമയത്ത് വെസ്റ്റ് ജെറ്റ് വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവരെ സുരക്ഷിതമായി എമര്‍ജെന്‍സി വാതില്‍ വഴി പുറത്തിറക്കി.

അത്യാഹിത, അടിയന്തിര വിഭാഗങ്ങള്‍ സമയബന്ധിതമായി ഇടപെട്ടതിനാലാണ് ദുരന്തം ഒഴിവായത്. വിമാനത്തിന് തീപിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരു വിമാന കമ്പനികളുടെയും സോഷ്യല്‍മീഡിയ പേജുകളില്‍ ഇത് സംബന്ധിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 168 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്ന വെസ്റ്റ് ജെറ്റ് വിമാനത്തിന്റെ പൈലറ്റ് അപായ സന്ദേശം നല്‍കിയതോടെയാണ് എമര്‍ജന്‍സി വാതിലുകള്‍ തുറന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

സണ്‍വിങ് വിമാനത്തില്‍ യാത്രക്കാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല. ഗ്രൗണ്ട് ഹാന്‍ഡലിങ് സര്‍വീസ് ജീവനക്കാര്‍ വിമാനം പുറത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടു. ടൊറന്റോ വിമാനത്താവളത്തില്‍ അഞ്ച് മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. ആഗസ്റ്റില്‍ ഒരു പൊളിഷ് പാസഞ്ചര്‍ ജെറ്റിന്റെ ചിറക് റണ്‍വേയില്‍ തട്ടി അപകടത്തില്‍ പെട്ടിരുന്നു.

Top