സൗദിയിൽ ചരിത്ര സംഭവം; സ്ത്രീകള്‍ക്കായുള്ള ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്

റിയാദ്: സൗദിയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ഒരുപാട് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ അതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ഉടന്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരം വാര്‍ത്തകള്‍ക്കിടയിലാണ് സൗദിയില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് സ്ത്രീകള്‍ക്കായുള്ള ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ജിദ്ദയിലെ റെഡ് സീ സിറ്റിയില്‍ വച്ചായിരുന്നു മത്സരം നടത്തിയത്.

സ്‌പോര്‍ട്‌സില്‍ സ്ത്രീ പങ്കാളിത്തം കൂട്ടാനുള്ള നടപടികള്‍ സൗദി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ജിദ്ദയിലേയും റിയാദിലേയും ദമാമിലേയും പ്രധാന സ്റ്റേഡിയങ്ങളില്‍ സ്ത്രീകളെ കായിക മത്സരങ്ങള്‍ കാണാന്‍ അനുവദിക്കുമെന്ന് കഴിഞ്ഞ മാസം അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് സൗദി അറേബ്യയില്‍ സ്ത്രീകളുടെ ഒരു ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ജിദ്ദയിലെ റെഡ് സീ സിറ്റിയിലെ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം നടത്തിയത്.

സ്ത്രീകളുടെ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് കാണാനും സ്ത്രീകള്‍ക്ക് മാത്രമായിരുന്നു അവകാശം. പുരുഷന്‍മാരെ ആരേയും തന്നെ ഈ വേദിയിലേക്ക് അനുവദിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ദാര്‍ അല്‍ ഹെക്മ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി യൂണിവേഴ്‌സിറ്റി ഓഫ് ബിസിനസ് ആന്റ് ടെക്‌നോളജി കിരീടം സ്വന്തമാക്കി.

എട്ട് ടീമുകള്‍ ആയിരുന്നു ചരിത്രപ്രധാനമായ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ജിദ്ദ യുണൈറ്റഡും സദാദും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. എന്തായാലും സംഗതി ലോക മാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത സുരക്ഷയില്‍ തന്നെ ആയിരുന്നു മത്സരങ്ങള്‍ നടത്തിയത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരുന്നു കാണികളെ സ്‌റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിപ്പിച്ചത്. വലിയ ആവേശത്തോടെ ആയിരുന്നു സ്ത്രീകള്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിനെ സ്വാഗതം ചെയ്തത്. നല്ല പങ്കാളിത്തവും ഉണ്ടായിരുന്നു.

Top