‘ഫ്‌ളോറന്‍സ്’ ചുഴലി കൊടുങ്കാറ്റ് ; 17 ലക്ഷത്തോളം പേരോട് ഒഴിഞ്ഞു മാറാന്‍ നിര്‍ദേശിച്ചു

വാഷിംഗ്ടണ്‍ ഡി സി: കാറ്റഗറി മൂന്നിലേക്ക് ഡൗണ്‍ഗ്രേഡ് ചെയ്‌തെങ്കിലും, മൂന്നു പതിറ്റാണ്ടിനു ശേഷം അമേരിക്കയുടെ കിഴക്കന്‍ തീരത്ത് എത്തുന്ന ഏറ്റവും രൂക്ഷമായ ചുഴലി കൊടുങ്കാറ്റായ ‘ഫ്‌ളോറന്‍സ്’ അതീവ അപകടകാരിയായിരിക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

സൗത്ത് – നോര്‍ത്ത് കരോലിന, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലെ തീര മേഖലയില്‍ നിന്ന് 17 ലക്ഷത്തോളം പേരോടാണ് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നോര്‍ത്ത് – സൗത്ത് കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനങ്ങള്‍ക്ക് അതിവേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുന്നതിനു വേണ്ടി സൗത്ത് കരോലിനയിലെ നാല് മോട്ടോര്‍വേകള്‍ വണ്‍വേ ആയി പുന:ക്രമീകരിച്ചു.

ഇപ്പോള്‍ 125 മൈല്‍ വേഗതയുള്ള ചുഴലി കൊടുങ്കാറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കരയില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ദുരന്തം പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞുവെന്നും, പതിനായിരക്കണക്കിനു കെട്ടിടങ്ങള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടേക്കാമെന്നും നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു. കടല്‍ തീരത്തു നിന്ന് ഒഴിഞ്ഞു പോകാനുള്ള നിര്‍ദേശം മിക്കവരും പാലിച്ചുവെങ്കിലും ചിലര്‍ ചുഴലി കൊടുങ്കാറ്റിനെ നേരിടാന്‍ തയാറായി വീട്ടില്‍ തന്നെ കഴിയുന്നുണ്ട്.

അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും, ചൂഴലി കൊടുങ്കാറ്റുമായി കളിക്കാതെ മേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ സന്നദ്ധമാകണമെന്നും പ്രസിഡന്റ് ട്രമ്പ് നിര്‍ദേശിച്ചു.

വിര്‍ജീനിയയിലെ നാവിക കേന്ദ്രത്തില്‍ തമ്പടിച്ചിട്ടുള്ള അമേരിക്കന്‍ നാവിക സേനയുടെ 30 കപ്പലുകള്‍ കടലിലേക്കു മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കരോലിന തീരത്ത് ചുഴലി കൊടുങ്കാറ്റ് രണ്ടു ദിവസം വട്ടം കറങ്ങാനുള്ള സാധ്യതയാണ് വലിയ വിപത്തായി അധികൃതര്‍ കാണുന്നത്. ശക്തി കുറഞ്ഞ് അതിനു ശേഷം ജോര്‍ജിയയിലേക്ക് കടക്കും.

Top