ഫോമാ ചിക്കാഗോ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ചരിത്ര വിജയമാകുന്നു

ഫോമാ 2018 കണ്‍വന്‍ഷന് തട്ടകമൊരുങ്ങിക്കഴിഞ്ഞു. ഇനി മറ്റൊരു ഉല്‍സവത്തിന്റെ കൂടിച്ചേരല്‍. അമേരിക്കന്‍ മലയാളി കൂട്ടായ്മയുടെ ചരിത്രത്തില്‍ സുതാര്യതയുടെയും കാര്യക്ഷമതയുടെയും കാഴ്ചപ്പെരുമയുടെയും ഹൃദയപക്ഷത്തോടെയാണ് ഇക്കുറി ഫോമാ ഫാമിലി കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ തികച്ചും പ്രൊഫഷണലായി പുരോഗമിക്കുന്നത്. ഈ പ്രവാസി സമൂഹത്തില്‍ ഏവരെയും കോര്‍ത്തിണക്കിയുള്ള കണ്‍വന്‍ഷന്റെ ആദ്യഘട്ട രജിസ്‌ട്രേഷന്‍ ചരിത്രവിജയമാണെന്ന് ഫോമായുടെ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

സ്വപ്നതുല്യമായ കണ്‍വന്‍ഷന് ഏഴ് മാസം ബാക്കി നില്‍ക്കേ 250ലേറെ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അമേരിക്കന്‍ മലയാളി ഫെഡറേഷനുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടക്കത്തില്‍ ഇത്രയും കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതുപോലെ തന്നെ കണ്‍വന്‍ഷനിലേക്ക് സ്‌പോണ്‍സര്‍മാര്‍ ആവേശത്തോടെ എത്തുകയും ചെയ്യുന്നു. സ്‌പോണ്‍സര്‍ഷിപ്പ് നിരക്ക് 3000 ഡോളര്‍, 5000 ഡോളര്‍, 10000 ഡോളര്‍ എന്നീ നിരക്കിലാണ്. അതില്‍ 3000 ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ക്ലോസ് ചെയ്തുകഴിഞ്ഞു എന്നത് ഈ സംഘടന എത്രമേല്‍ ജനാധിപത്യവത്ക്കരിക്കപ്പെട്ടു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

ഫോമാ എന്ന കൂട്ടായ്മ അതിന്റെ കൃത്യമായ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമായിട്ടാണ് കൂടുതല്‍ കൂടുതല്‍ അംഗസംഘടനകള്‍ ഇതിലേക്ക് വരുന്നത്. ഇത് നിശ്ചയമായും കൂട്ടുത്തരവാദിത്വത്തിന്റെ കണ്ണാടിയാണെന്ന് ബെന്നി വാച്ചാച്ചിറ പറഞ്ഞു. ഈ സംഘമുന്നേറ്റത്തിന് നേതൃത്വം നല്‍കിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും റീജിയണല്‍ വൈസ് പ്രസിഡന്റ്മാരും നാഷണല്‍ കമ്മറ്റി അംഗങ്ങളും, കൺവഷൻ ചെയർമാൻ, വൈസ് ചെയർമാൻ, നാഷണൽ കോർഡിനേറ്റേഴ്സ്, ജനറൽ കൺവീനേഴ്സ് എന്നിവർ തുറന്നിട്ടത് അമേരിക്കന്‍ മലയാളി സമൂഹ സംഘടനാ ചരിത്രത്തിലെ പുതിയ വഴിത്താരയാണ്.

”കൃത്യനിഷ്ഠയോടും ലക്ഷ്യബോധത്തോടും കൂടിയാണ് ഫോമായുടെ ജൈത്രയാത്ര. അമേരിക്കന്‍ മലയാളികളെ നേരിട്ടു കണ്ട് അവരുടെ താത്പര്യങ്ങളും ഉപദേശങ്ങളും നിര്‍ദേശങ്ങളും പരാതികളും പ്രതീക്ഷകളും സ്വീകരിച്ച് തുടരുകയാണ് ഇന്നീ സംഘടന. ഫോമായുടെ ജനാഭിമുഖ്യയജ്ഞവും പ്രസിഡന്റിന്റെ റോഡ് ട്രിപ്പും നൂറ് ശതമാനം വിജയമായി എന്നതിന്റെ തെളിവാണ് ആദ്യഘട്ട രജിസ്‌ട്രേഷന്റെ വന്‍ വിജയം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആബാലവൃദ്ധം ജനങ്ങളെ ഫോമായുടെ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ സാധിച്ചത് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെ തെളിവാണ്. ഫോമായുടെ നാഷണല്‍ കമ്മറ്റിയംഗങ്ങളും കണ്‍വണല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നവും തീര്‍ച്ചയായും ഫാമിലി രജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് തീരുമാനം. ഇതിനെ നൂറുശതമാനം സ്വാഗതം ചെയ്തുകൊണ്ട് കമ്മറ്റിയെ വിജയമാക്കാന്‍ ഫോമായുടെ വിവിധ തലങ്ങളിലുള്ളവര്‍ നിസ്വാര്‍ത്ഥമായ സേവനപാതയിലാണ്…” ബെന്നി വാച്ചാച്ചിറ വിശദീകരിച്ചു.

ഫോമായുടെ രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ ജനുവരിയില്‍ തുടങ്ങുകയാണ്. ഫോമായുടെ 12 റീജിയണുകള്‍ ഉള്‍പ്പെടെ മലയാളികളുടെ വീടുവീടാന്തരങ്ങളില്‍ എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. കണ്‍വഷനിലെ സമസ്ത പരിപാടികളുടെയും ഉത്തരവാദിത്വം അതാത് കമ്മറ്റികളെ ഉടന്‍ ഏല്‍പ്പിക്കുന്നതായിരിക്കും. അതായത് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കോ-ഓര്‍ഡിനനേറ്റര്‍, ജനറല്‍ കണ്‍വീനര്‍മാര്‍, ബ്യൂട്ടിപേജന്റ് തുടങ്ങിയ ബൃഹദ് ഇനങ്ങളുടെ ഉത്തരവാദിത്വം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുവാന്‍ ഉത്തരവാദിത്വപ്പെടുത്തിയിട്ടുണ്ട്.

ഫോമാ ഒരു ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ആകാതിരിക്കുവാനുള്ള താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഈ സംഘടനയുടെ പരിണിതപ്രജ്ഞരായ മുന്‍ സെക്രട്ടറിമാരെയാണ് ചുമതലയേല്‍പ്പിച്ചിട്ടുള്ളത്. ഫോമായുടെ 2018 കുടുംബ കണ്‍വന്‍ഷന്‍ മറ്റൊരു പൂരമാക്കുവാന്‍ വേണ്ടി ഈ പ്രവാസഭൂമിയിലെയും ജന്മനാട്ടിലെയും കലാ സാംസ്‌കാരിക രാഷ്ട്രീയ മേഘലയിലെ ഒരു വന്‍ നിര തന്നെ അണിനിരന്നു കൊണ്ട് ചിരിയുടെയും ചിന്തയുടെയും വിനോദത്തിന്റെയും പ്രാര്‍ത്ഥനയുടെയും സര്‍ഗ സാന്നിദ്ധ്യം അറിയിക്കുന്നതാണെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിക്കുന്നു.

ഫോമാ 2018 ഫാമിലി കൺവൻഷൻ സ്പോൺസർ ചെയ്തിരിക്കുന്നത്, സ്കൈലൈൻ ബിൽഡേഴ്സ് (ഗ്രാൻഡ് റോയൽ പേട്രൺ), ജോയ് ആലൂക്കാസ് (റോയൽ പേട്രൺ) എന്നിവരാണ്.

കൂടുതൽ വിവരങ്ങൾക്കും, ഫോമാ കൺവൻഷനിലേക്ക് രജിസ്റ്റർ ചെയ്യുവാനും സന്ദർശിക്കുക

www.fomaa.net

വിനോദ് കൊണ്ടൂർ ഡേവിഡ്

Top