സൗദിയിലെ അഴിമതി വിരുദ്ധ അറസ്റ്റുകള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം മുന്‍ ഈജിപ്ത് സുരക്ഷാ തലവന്‍?

വാഷിംഗ്ടണ്‍: അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍ സൗദിയിലെ മന്ത്രിമാരും രാജകുമാരന്‍മാരും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിനു പിന്നിലെ സൂത്രധാരന്‍ ഈജിപ്തിന്റെ മുന്‍ സുരക്ഷാ തലവനെന്നു റിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഹുസ്‌നി മുബാറക് ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് 1997 മുതല്‍ അറബ് വസന്തത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട 2011 വരെ ആഭ്യന്തര മന്ത്രിയായിരുന്ന ഹബീബ് അല്‍ അദ്‌ലിയാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈജിപ്തിന്റെ സുരക്ഷാ തലവനായിരിക്കുന്ന സമയത്ത് കസ്റ്റഡി പീഡനങ്ങള്‍ക്കും തട്ടിക്കൊണ്ടുപോവലുകള്‍ക്കും മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കുപ്രസിദ്ധനാണ് ഇദ്ദേഹം.

കഴിഞ്ഞ ഏപ്രിലില്‍ അഴിതിക്കേസില്‍ ഏഴുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട 79കാരന്‍ സൗദിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. പൊതുഖജനാവില്‍ നിന്ന് 110 മില്യന്‍ ഡോളര്‍ വെട്ടിപ്പ് നടത്തിയ കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സൗദിയിലുള്ള അദ്‌ലിയാണ് അഴിമതി വിരുദ്ധ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അറസ്റ്റിലായ മന്ത്രിമാരെയും രാജകുമാരന്‍മാരെയും ബിസിനസ് പ്രമാണിമാരെയും ശാരീരികമായി പീഡിപ്പിച്ചതിനു പിന്നില്‍ ഇദ്ദേഹമാണെന്നാണ് വിലയിരുത്തല്‍. അറസ്റ്റിലായവരില്‍ 17പേര്‍ ശാരീരിക പീഡനങ്ങളേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലാണെന്ന് സൗദിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥനെയും സൗദി ഡോക്ടറെയും ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസ് പറയുന്നു . അതേസമയം, അദ്‌ലി സൗദിയിലുണ്ടെന്നോ ഇല്ലെന്നോ പറയാനാവില്ലെന്ന് വാഷിംഗ്ടണിലെ സൗദി എംബസി വക്താവ് പത്രത്തോട് പറഞ്ഞു. ഈജിപ്ത് ഭരണകൂടം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ് അദ്‌ലി. അതേസമയം, അദ്‌ലി സൗദി അറേബ്യയിലാണെന്ന ആരോപണം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫരീദ് അല്‍ ദീപ് നിഷേധിച്ചു.

Top