സഭയുടെ അടിത്തറ ഇളകി, ഫാ ജേക്കബ് നാലുപറയിൽ

കത്തോലിക്കാ സഭ ലോകത്ത് നിലനില്ക്കേണ്ടത് ആവശ്യമാണ്‌. ഈ പ്രസ്ഥാനം ലോകത്ത് കൂടിയേ തീരൂ. എന്നാൽ കേരളത്തിൽ ഒരു വൻ സത്യം വെളിപ്പെടുത്തി വൈദീകനും ബൈബിൾ എഴുത്തുകാരനുമായ ഫ. ജേക്കബ് നാലുപറയിൽ രംഗത്ത്. ഏതൊരു മത വിശ്വാസിയേയും പ്രത്യേകിച്ച് കത്തോലിക്കരെ ഞെട്ടിപ്പിക്കുന്ന സത്യം ഈ വൈദീകൻ തുറന്ന് പറയുന്നു. കേരളത്തിൽ സഭയുടെ അടിത്തറ ഇളകി കഴിഞ്ഞു. അധഃപതനത്തിന്റെ വഴിയിൽ ഓവർ സ്പീഡിൽ സഞ്ചരിക്കുകയാണ്‌ കത്തോലിക്കാ സഭ.ബ്രേക്കിടേണ്ടവർ ഉറങ്ങുകയാണോ?കുത്തനെയുള്ള ഇറക്കത്തിൽ ഓവർ സ്പീഡിൽ പോകുന്ന വണ്ടിക്ക് സംഭവിക്കുന്നത് തന്നെ സഭയ്ക്കും സംഭവിക്കും

പോസ്റ്റിന്റെ പൂർണ്ണ രൂപം

മൗനം പാപമാണ്*
ഇന്നത്തെ സുവിശേഷപ്രസംഗം ഫേസ്ബുക്കിൽ ഷെയർ ചെയ്തപ്പോൾ ജോർജ്ജ് അമ്പുക്കൻ ചേട്ടൻ കുറിച്ച പ്രതികരണം താഴെ ചേർക്കാം (ഇദ്ദേഹം ആരാണെന്ന് പോലും എനിക്കറിയില്ല):

“റോമാനഗരം കത്തി എരിയുമ്പോൾ ഒരു കൂട്ടർ വീണ വായിച്ചതായി കേട്ടിട്ടുണ്ട്. അച്ചാ ഇപ്പോൾ ഞങ്ങൾക്ക് സുവിശേഷം കേൾക്കുവാനുള്ള മനഃസാന്നിധ്യം കിട്ടുന്നില്ല… മടുത്തു അച്ഛാ മടുത്തു ഞങ്ങൾക്ക്.”

“ഏറെ നാളുകൾ ആയി സഭയുടെ മേലധികാരികളിൽ നിന്നും ഉണ്ടാകുന്ന തിക്താനുഭവങ്ങളിൽ ഞങ്ങൾ അങ്ങേയറ്റം ദുഃഖിതർ ആണ്. ഈ പോക്ക് എവിടേക്കെന്നു ഒരു പിടിയും കിട്ടുന്നില്ല. ഉത്തരവാദപ്പെട്ടവർ മിണ്ടുന്നില്ല, പോരാ അവർ തെറ്റ് ചെയ്തു എന്ന് ആരോപിക്കപെട്ടവരോടൊപ്പം നില്ക്കുന്നു. എന്ത് ചെയ്യണം ഞങ്ങൾ, അച്ഛൻ പറയൂ. ഞങ്ങൾക്ക് നല്ലത് കാണിച്ചു തരേണ്ടവരും, ഞങ്ങളെ തിരുത്തേണ്ടവരും അല്ലേ നിങ്ങൾ?”

ഒരു കാര്യം പകൽ പോലെ വ്യക്തം: അൽമായ സമൂഹം ഇന്ന് ഏറെ ദുഖിതരാണ്, അവർ അടിമുടി അസ്വസ്ഥരാണ് – സത്യം, നീതി, സാഹോദര്യം മുതലായ അടിസ്ഥാന ക്രിസ്‌തീയ പുണ്യങ്ങളുടെ കാര്യത്തിൽ വൈദികരും മെത്രാന്മാരും വിട്ടുവീഴ്ച്ച ചെയ്യുന്നതിൽ; അനീതിയുടെ അക്രമത്തിന്റെയും മുൻപിൽ മെത്രാന്മാർ മൗനം പാലിക്കുന്നതിൽ; അതിലൂടെ അനീതിക്ക് കൂട്ടു നിൽക്കുന്നതിൽ; അതിലൂടെ ക്രിസ്തുവിനെത്തന്നെ ഉപേക്ഷിക്കുന്നതിൽ. സഭയെന്ന ‘വിശ്വാസികളുടെ കൂട്ടായ്മയാണ്’ ഇതിലൂടെ തകർന്നു കൊണ്ടിരിക്കുന്നത്.

*ക്രിസ്തുവായിരുന്നെങ്കിൽ ഇന്ന് എന്ത് ചെയ്യുമായിരുന്നു?* ഇതല്ലേ വൈദികരും മെത്രാന്മാരും ചോദിക്കേണ്ട ചോദ്യം.

ജോർജ്ജ് ചേട്ടന് ഞാൻ കുറിച്ച മറുപടി കൂടി താഴെ ചേർക്കാം:
സഭാ ഹയരാർക്കി ചെയ്യേണ്ടിയിരുന്നത്:
1) ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ അന്വഷണം കഴിയുന്നതുവരെ സ്വയമേവ മാറിനിൽക്കണമായിരുന്നു.
2) അങ്ങനെ മാറിനിൽക്കാൻ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തിൽ മാറിനിൽക്കാൻ മറ്റു മെത്രാന്മാർ സഹോദര്യബുദ്ധ്യാ ഉപദേശിക്കുണമായിരുന്നു. രഹസ്യമായ ഉപദേശം ഫലം കണ്ടില്ലെങ്കിൽ പരസ്യമായി ഉപദേശിക്കണമായിരുന്നു.
3) ഇത്രയുമെങ്കിലും ചെയ്യാത്തതിനാൽ സഭയുടെ അടിത്തറ ഇളകിക്കൊണ്ടിരിക്കുകയാണ്. കാരണം, സഭ ‘വിശ്വസികളുടെ കൂട്ടായ്മയാണ്.’ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ എന്തായിരിക്കും പരിണതഫലം?
4) സഭാധികാരികളുടെ തെറ്റിനും അധാർമികതക്കുമെതിരെ പരാതിപ്പെട്ടാൽ ആർക്കുംതന്നെ നീതി കിട്ടില്ലെന്ന ധാരണ സഭയിലും സമൂഹത്തിലും പ്രബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.
5) തൽഫലമായി സഭ ചെയ്യുന്ന വിപുലമായ സൽക്കർമ്മങ്ങളുടെയും സഭയിലെ നല്ല മനുഷ്യരുടേയും ശോഭകൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്
6) ഇത് ഏറ്റവും കുടിതൽ ബാധിച്ചിരിക്കുന്നത് കേരളത്തിലെ സഭയെയാണ്. നമ്മൾ (സഭ) നമ്മുടെ അധഃപതനത്തിന്റെ വഴിയിൽ ഓവർ സ്പീഡിൽ സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ബ്രേക്കിടേണ്ടവർ ഉറങ്ങുകയാണോ?
7) ഇനിയെങ്കിലും ഉറക്കം വിട്ടുണർന്നില്ലെങ്കിൽ കുത്തനെയുള്ള ഇറക്കത്തിൽ ഓവർ സ്പീഡിൽ പോകുന്ന വണ്ടിക്ക് സംഭവിക്കുന്നത് തന്നെ സഭയ്ക്കും സംഭവിക്കും

Top