36 റാഫേല്‍ വിമാനങ്ങള്‍ കൂടി വാങ്ങുന്ന കാര്യം ഇന്ത്യ പ്രഖ്യാപിക്കാന്‍ ഫ്രാന്‍സ് താത്പര്യപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് വ്യോമസേനയ്ക്കു വേണ്ടി 36 റാഫേല്‍ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ താത്പര്യപ്പെടുന്ന കാര്യം ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ് ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍.

പ്രസിഡന്റ് മാക്രോണിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലി ഇതു സംബന്ധിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് കത്ത് എഴുതിയിരുന്നു. 36 റാഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഫ്രാന്‍സിന് താത്പര്യമുണ്ടെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഇതേക്കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിലവിലെ കരാര്‍ അനുസരിച്ചുള്ള റാഫേല്‍ വിമാനങ്ങള്‍ ലഭിച്ചു തുടങ്ങിയതിന് ശേഷം പുതിയവയെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നാണ് വിവരങ്ങള്‍. കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ വ്യോമസേനയ്ക്കു വേണ്ടി ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. 59000 കോടിയായിരുന്നു കരാര്‍തുക.

Top