ലാപ് ടോപ്പിൽ കൃത്രിമം കാട്ടാൻ വിദഗ്ദരുടെ സഹായം തേടി ബിഷപ്പ് ഫ്രാങ്കോ, പിന്നാലെ പൊലീസ്

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്വന്തം ലാപ് ടോപ്പിൽ കൃത്രിമം കാണിക്കാൻ സാധ്യതയെന്ന സംശയത്തിൽ പൊലീസ്. ഇതിനായി ബിഷപ്പ് വി‌ദഗ്ദരെ സമീപിച്ചതായി സൂചനകളുണ്ട്. ബിഷപ്പിനോട് ലാപ് ടോപ് ഹാജരാക്കാൻ നിർദേശം നൽകിയിരുന്നുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ട് ഇതുവരെ ഹാജരാക്കാൻ ബിഷപ്പ് കൂട്ടാക്കിയിട്ടില്ല. അതേസമയം ലാപ് ടോപ്പിലെ വിവരങ്ങൾ മാറ്റുന്നതിനാണ് ബിഷപ്പ് സമയം ആവശ്യപ്പെടുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ബലന്ധർ രൂപതയിലെ കോടികളുടെ സാമ്പത്തിക ഇടപാടുകളിൽ തുടങ്ങി ബിഷപ്പിന്‍റെ കാമകേളികളുടെ വരെ വിവരങ്ങൾ ബിഷപ്പിന്‍റെ ലാപ് ടോപ്പിൽ അടങ്ങിയിട്ടുണ്ടെന്ന വിശ്വാസത്തിലാണ് പൊലീസ്. കേസ് വിചാരണക്കെത്തുമ്പോൾ ലാപ് ടോപ്പിലെ വിവരങ്ങൾ കൂടുതൽ കരുത്തേകുമെന്നാണ് അന്വേഷണ സംഘം കരുതിയിരിക്കുന്നത്. അതേസമയം ലാപ് ടോപ്പ് ഹാജരാക്കാതിരിക്കാനുള്ള ശ്രമമാണ് ബിഷപ്പ് നടത്തുന്നത്. കൂടുതൽ സമയം ലഭിച്ചാൽ ലാപ് ടോപ്പിലെ വിവരങ്ങൾ തിരിച്ചെടുക്കാൻ കഴിയാത്ത വിധം മായിക്കാനും കഴിയും. ഇതോടെ ലാപ്ടോപ് ഹാജരാക്കിയില്ലെങ്കിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ദില്ലിയിലുള്ള ബന്ധുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രിക്കെതിരെ എടുത്ത നടപടിയാണ് ബലാത്സംഗക്കേസിന് പിന്നിലെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വാദം. എന്നാൽ, പൊലീസിൽ പരാതി നൽകിയ ശേഷം കന്യാസത്രീക്കെതിരെ നടപടിക്കത്ത് തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

Top