ജർമ്മനിയിലെ കത്തോലിക്കാ സഭകളിൽ 3600ലധികം കുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന് പഠനം

ജർമ്മനിയിൽ, കത്തോലിക്കാ സഭകളിലെ വൈദികർ 13 വയസ്സിലും അതിനു താഴെയുമുള്ള 3600ലധികം കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്ന് പഠനം. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലെ കണക്കാണ് പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ റോമൻ കത്തോലിക്ക് ചർച്ച് ബിഷപ്പ് കോൺഫറൻസിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തു വന്നത്.

1670ലധികം പള്ളികളിലായി 3677 കുട്ടികൾ ചൂഷണത്തിനിരയായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് മൊത്തം വൈദികരുടെ എണ്ണത്തിൻ്റെ 4.4 ശതമാനം വരും. പള്ളികളിലെ ലൈംഗിക ചൂഷണത്തെപ്പറ്റി അറിയുന്നതിനായി കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് മൂന്ന് സർവ്വകലാശാലകൾ ചേർന്നാണ് പഠനം നടത്തിയത്. ഇത്രയധികം സംഭവങ്ങൾ ഉണ്ടായിട്ടും അതൊക്കെ പതിറ്റാണ്ടുകളോളം മറച്ചു വെച്ചുവെന്ന സത്യത്തിലേക്കും റിപ്പോർട്ട് വിരൽ ചൂണ്ടുന്നു.

ഇതുവരെ ഔദ്യോഗികമായി ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ, റിപ്പോർട്ടിൻ്റെ എട്ടു പേജ് വരുന്ന വരുന്ന സംക്ഷിപ്ത രൂപം ന്യൂയോർക്ക് ടൈംസിൽ കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 1946 മുതൽ 2014 വരെയുള്ള കണക്കാണിത്. ഓരോ ആറു കേസുകളിലും ബലാത്സംഗം ഉൾപ്പെടുന്നു. ഇരകളിലേറെയും ആൺകുട്ടികളാണെന്നതും ഗുരുതരമായ കണ്ടെത്തലാണ്.

Top