പാറ കഷ്ണങ്ങളില്‍ പറ്റിപ്പിടിച്ച നിലയില്‍ സ്വര്‍ണ്ണക്കട്ടി ; കണ്ടെത്തിയത് കോടികളുടെ സ്വര്‍ണ്ണ ശേഖരം

കാന്‍ബെറ: ഓസ്‌ട്രേലിയയിലെ ഖനിയില്‍ നിന്നും സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തി. റോയല്‍ നിക്കല്‍ കോര്‍പറേഷന്‍ ഖനന കമ്പനിയിലെ ജീവനക്കാരാണ് വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയത്.

ഓസ്‌ട്രേലിയയിലെ കംബാല്‍ഡയില്‍ സ്ഥിതി ചെയ്യുന്ന ബെറ്റ ഹണ്ട് മൈന്‍ ഖനിയില്‍ നിന്നാണ് സ്വര്‍ണ്ണ ശേഖരം ലഭിച്ചത്. നിക്കല്‍ ഖനനം ചെയ്യുന്ന ഇവിടെ നിന്നും രണ്ടു പാറക്കഷ്ണങ്ങളിലായി 9,000 ഔണ്‍സ് സ്വര്‍ണ്ണമാണ് പറ്റിപ്പിടിച്ചിരിക്കുന്ന നിലയില്‍ കിട്ടിയത്.ഇതിന് ഏകദേശം 15 മില്യന്‍ ഡോളറാണ് (108 കോടി) വിപണി മൂല്യം. 95 കിലോഗ്രാം തൂക്കം വരുന്ന ഒരു പാറക്കഷ്ണം മുറിച്ചപ്പോള്‍ അതില്‍നിന്നും 2,440 ഔണ്‍സ് സ്വര്‍ണം ലഭിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. പരിശുദ്ധമായ സ്വര്‍ണമായത് കൊണ്ട് ഇവയെ നേരിട്ട് വിപണിയില്‍ വില്‍ക്കാമെന്നും, ശുദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നും കമ്പനി പറയുന്നു.

2016 ലാണ് റോയല്‍ നിക്കല്‍ കോര്‍പറേഷന്‍ കമ്പനി ബെറ്റ ഹണ്ട് മൈന്‍ വാങ്ങിയത്. നഷ്ടത്തിലായ ഖനി വില്‍ക്കാനുളള നീക്കത്തിനിടയാണ് സ്വര്‍ണക്കട്ടി കണ്ടെത്തി കമ്പനി കോടീശ്വരന്മാരായത്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരത്തിലുളള സ്വര്‍ണക്കട്ടി ലഭിക്കുകയെന്നാണ് ജിയോളജിസ്റ്റുകള്‍ പറയുന്നത്.

Top