ക്രൈസ്തവ വീക്ഷണത്തിലെ ‘ഹരിത നവോത്ഥാന’വും Cop23-യും

സഭകളുടെ ആഗോള കൂട്ടായ്മയുടെ തലവന്‍ ഒലാവ് ഫിക്സേയുടെ ചിന്തകള്‍ :

ലോകത്തിന് ഒരു ‘ഹരിത നവോത്ഥാനം’ (Green Reformation) വേണമെന്ന്, സഭകളുടെ ആഗോള കൂട്ടായ്മ,  WCC – World Council of Churches-ന്‍റെ ജനറല്‍ സെക്രട്ടറി, ഒലാവ് ത്വൈത് ഫിക്സേ ഉദ്ബോധിപ്പിച്ചു. നവംബര്‍ 6-മുതല്‍ 17-വരെയാണ് ബോണ്‍ നഗരത്തില്‍ യുഎന്‍ സംഗമം Cop23 നടക്കുന്നത്.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ജര്‍മ്മനിയില്‍ നടക്കുന്ന യുഎന്‍ സംഗമം അതിന്‍റെ ലക്ഷ്യമായ പരിസ്ഥിതി നീതിയോടു പ്രതിബദ്ധത പ്രകടമാക്കികൊണ്ട് നവംബര്‍ 12-Ɔ൦ തിയതി ഞായറാഴ്ച വിശുദ്ധ പൗലോശ്ലീഹായുടെ നാമത്തിലുള്ള ബോണിലെ ദേവാലയത്തില്‍ സഭകളുടെ ആഗോള കൂട്ടായ്മ സംഘടിപ്പിച്ച പ്രാര്‍ത്ഥന ശുശ്രൂഷയിലാണ് ഓലാവ് ഫിക്സേ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

500 വര്‍ഷങ്ങള്‍ക്കുമുന്‍പ് മാര്‍ട്ടിന്‍ ലൂതര്‍ സഭയില്‍ ആരംഭിച്ച നവോത്ഥാന (Reformation) നീക്കങ്ങള്‍ക്ക് ഒരു പാരിസ്ഥിതിക മാനം നല്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. ദൈവം നല്കിയ ഭൂമി ക്രിയാത്മകമായി ഉപയോഗിച്ചു സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്ത്വം നമുക്കുണ്ട്.  അത് വിശ്വസ്തതയോടെ നിര്‍വ്വഹിച്ചുകൊണ്ടാണ് നവോത്ഥാനം പാരിസ്ഥിതിക തലത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കേണ്ടത്. ഫിക്സേ വ്യക്തമാക്കി.

ദൈവം ദാനമായി നല്കിയ ഭൂമി സംരക്ഷിക്കാന്‍വേണ്ട ജ്ഞാനം നാം തേടേണ്ടിയിരിക്കുന്നു. പൂര്‍വ്വീകരെ ദൈവം ഭരമേല്പിച്ച ഭൂമി, അവര്‍ വിശ്വസ്തതയോടെ നമുക്കായി കൈമാറ്റംചെയ്തു. നാമത് വരുംതലമുറയ്ക്കായി പരിരക്ഷിച്ചു നല്കുന്നതാണ് ഹരിത നവോത്ഥാനം (Green Reformation) എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്. ഓലാവ് ഫിക്സേ പ്രസ്താവിച്ചു.  ലോകത്തെ വികസനത്തില്‍ നയിക്കാന്‍ ആവശ്യമായ ഒരു വിവേകം, ജ്ഞാനം ഇന്നിന്‍റെ അടിയന്തിര ആവശ്യമാണ്. ഭൗമിക യാഥാര്‍ത്ഥ്യത്തെ സത്യസന്ധമായി കാണാനുള്ള വിവേകമാണത് : നാം ജീവിക്കുന്ന കാലത്തെ വിവേചിച്ചറിയണം. തെറ്റുപറ്റിയത് അംഗീകരിക്കാനുള്ള ധൈര്യം വേണം. അത് തിരുത്തി പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതും ജ്ഞാനമാണ്, വിവേകമാണത്. അങ്ങനെ ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുങ്ങാം.

ഭൂമിയുടെ ഇന്നത്തെ അവസ്ഥ ഓര്‍ത്ത് നാം നിരാശരാകരുത്. ദൈവിക വെളിച്ചം സൂര്യപ്രകാശംപോലെ ഓരോ ദിവസവും നമുക്കായി തെളിഞ്ഞു പ്രകാശിക്കുന്നുണ്ട്. ഇരുട്ടിനെ ദൈവിക വെളിച്ചമാണ് തുടച്ചുമാറ്റുന്നത്. നമ്മുടെമേല്‍ അത് സദാ പ്രകാശിക്കുന്നു.   ഇരുട്ടിന് ഈ ദൈവിക വെളിച്ചത്തെ കീഴടക്കാനാവില്ല. മാത്രമല്ല, നാം കാണുന്ന ഈ ഭൗമിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അപ്പുറമെത്തുന്ന ഒരു പ്രത്യാശയും ക്രൈസ്തവര്‍ക്കുണ്ട്. ഇത് ക്രിസ്തുവിലുള്ള പ്രത്യാശയാണ്. ഇത് ക്രിസ്ത്വാനുകരണമാണ്. ക്രിസ്തുവില്‍ നാം നവീകരിക്കപ്പെടുകയും നവസൃഷ്ടകളായി രൂപപ്പെടുകയും ചെയ്യാനുള്ള പ്രത്യാശയാണത്. അത് ക്രിസ്തുവിന്‍റെ കൂടെയായിരിക്കുവാനുള്ള പ്രത്യാശയുമാണ്. നമ്മുടെ അനുദിന ജീവിതത്തിന്‍റെ അദ്ധ്വാനത്തിലും   വാക്കിലും പ്രവൃത്തിയിലും, പ്രാര്‍ത്ഥനയിലുമെല്ലാം ക്രിസ്തുവെളിച്ചം തെളിയണം. ഇത് നീതിയുടെയും സമാധാനത്തിന്‍റെയും ക്രിസ്തുവിനോടൊപ്പമുള്ള തീര്‍ത്ഥാടനമായിരിക്കും.
ഇങ്ങനെ വ്യാഖ്യാനിച്ചുകൊണ്ടാണ് ഫിക്സേ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

Top