കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് ധാരണ; കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം; ഇന്നു ഗവർണറെ കാണും

ബംഗ്ളൂരു: കര്‍ണാടകയില്‍ ജെഡിഎസിന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. മന്ത്രിമാരെ ജെഡിഎസിന് തീരുമാനിക്കാം. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു.

വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്.എഐസിസി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി ചർച്ച നടത്തി. കോൺഗ്രസ്– ജെഡിഎസ് സഖ്യസാധ്യതകളായിരുന്നു ചർച്ചാ വിഷയം. ഇതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ദേവെഗൗഡ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഫലം പൂർണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കളുടേത്.

ദേവഗൗഡ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ചതായും ഇരു പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നു വൈകുന്നേരം നാലുമണിക്ക് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഗവര്‍ണറെ കാണും. ജെ ഡി എസിനുള്ള പിന്തുണ ഈ അവസരത്തില്‍ അറിയിച്ചേക്കും.

സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. ബിജെപിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്.

Top