മകള്‍ കല്യാണപ്പന്തലിലെത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് അമ്മയുടെ മരണം

മകള്‍ വിവാഹപ്പന്തലിലെത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു അനിതകുമാരിയുടെ മരണം. മീനുവെന്ന് വിളിക്കുന്ന മകള്‍ ജൂലിയുടെ വിവാഹത്തലേന്നാണ് അനിതകുമാരി മരിച്ചത്. ജൂലിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍നടന്ന മരണം ബന്ധുക്കളെയും വീട്ടുകാരേയും കണ്ണീരിലാഴ്ത്തി. ഞായറാഴ്ച രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍വെച്ച് താലി കെട്ടി ആര്‍ഭാടങ്ങളില്ലാതെ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ജൂലിയുടെ കൂട്ടുകാരെയും അടുത്ത ബന്ധുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്.

വെള്ളായണി സ്വദേശിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് അമ്മ മരിച്ച ദുഃഖം താങ്ങനാകാതെ കരയുന്ന ജൂലിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ഉറ്റവര്‍. ആറ്റിങ്ങല്‍ പൂവംപാറ സ്വദേശിയായ വിജയകുമാറും കുടുംബവും കഴിഞ്ഞ ഏഴുവര്‍ഷമായി കാട്ടാന്‍വിളയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കിളിമാനൂരിലെ ഒരു ഐ.ടി.സി.യില്‍ വിദ്യാര്‍ഥിയായിരിക്കെ ഇവരുടെ മകന്‍ ബിനീഷ് വാമനപുരം ആറ്റില്‍ ഒഴുക്കില്‍പ്പെട്ട സഹപാഠികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. ആ ദുരന്തത്തിനുശേഷമാണ് വിജയകുമാറും കുടുംബവും കരമനയിലെ വാടകവീട്ടിലേക്ക് മാറിയത്. മകന്റെ മരണ ശേഷം മാനസികമായി തകര്‍ന്ന അനിതകുമാരിക്കും വിജയകുമാറിനും ബി.കോം. വിദ്യാര്‍ഥിയായ ജൂലിയിലായിരുന്നു ഏക പ്രതീക്ഷ.

മകള്‍ക്ക് ജോലികിട്ടിയശേഷം കുടുംബം കരകയറുമെന്ന വിശ്വാസത്തിലായിരുന്നു അനിതകുമാരി. ഇക്കാര്യം എപ്പോഴും സൂചിപ്പിക്കുമായിരുന്നെന്ന് ഭര്‍ത്താവ് വിജയകുമാര്‍ പറഞ്ഞു. നേരത്തേ സ്വകാര്യ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന വിജയകുമാര്‍ ഹൃദയസംബന്ധമായ അസുഖമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് രാത്രിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലിനോക്കുന്നത്. ഞായറാഴ്ച മകളുടെ വിവാഹമായിട്ടും വിജയകുമാര്‍ പതിവുപോലെ വെള്ളിയാഴ്ച രാത്രി ജോലിക്കുപോയിരുന്നു. അവിടെവെച്ചാണ് അനിതകുമാരിക്ക് നെഞ്ചുവേദനയുണ്ടായവിവരം അറിഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്കുവരുന്നത്.

Top