ഹോളി ആഘോഷത്തിനിടെ കുമ്മായം കലക്കി ഒഴിച്ചതിനെത്തുടർന്നു വിദ്യാർഥിയുടെ കണ്ണിനു ഗുരുതര പരുക്ക്

തിരുവനന്തപുരം: ഗവ.സംസ്കൃത കോളജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ ചായത്തിനു പകരം കുമ്മായം കലക്കി ഒഴിച്ചു. കണ്ണില്‍ കുമ്മായം വീണ വിദ്യാര്‍ത്ഥിയുടെ കാഴ്ച്ചശക്തി ഏറെക്കുറെ നഷ്ടപ്പെട്ട നിലയിലാണ് .

ഒന്നാംവർഷ ബിഎ വേദാന്തം വിദ്യാർഥിയായ നെയ്യാറ്റിൻകര മരുതത്തൂർ മിന്യറവിറ അബീഷ് കോട്ടേജിൽ സി.ടി.അബീഷിനാണു രണ്ടു കണ്ണിനും പരുക്കേറ്റത്. കഴിഞ്ഞ ഒന്നിനു കോളജിൽ ഹോളി ആഘോഷത്തിനിടെയാണു ചായത്തിനു പകരം കുമ്മായം കലക്കി ഒഴിച്ചത്.

അണുബാധ ഉണ്ടാകാതെ നോക്കണമെന്നും അല്ലെങ്കിൽ കാഴ്ച പൂർണമായി തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ മുറിവ് ഉണങ്ങുന്നതനുസരിച്ചു കാഴ്ച വീണ്ടെടുക്കാനാകും.

അബീഷിന്റെ പിതാവ് ജെ.ക്രിസ്തുദാസ് കഴിഞ്ഞദിവസം പ്രിൻസിപ്പൽ ഡോ.കെ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ കണ്ടു. ദേഹാസ്വാസ്ഥ്യംമൂലം വിഷമിക്കുന്ന താനും വാതരോഗിയായ ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തിന് അബീഷിന്റെ ചികിൽസാച്ചെലവു താങ്ങാനാകുന്നില്ലെന്നും അതിനാൽ അമ്മയെയും മകനെയും ചികിൽസിക്കുന്നതിനു സാമ്പത്തിക സഹായം അനുവദിക്കണമെന്നും ക്രിസ്തുദാസ് നിവേദനത്തിൽ ആവശ്യപ്പെട്ടു

Top