ഹോമിയോ ചികിൽസക്ക് പൂട്ട് വീഴുന്നു, ഡോക്ടർമാരും ക്ളിനിക്കും മരുന്ന് വില്ക്കുന്നത് നിരോധിച്ചു

കോട്ടയം; വ്യാപകമായ പരാതികളേ തുടർന്ന് രാജ്യത്ത് ഹോമിയോ ചികിൽസക്ക് പൂട്ട് വീഴുകയാണ്‌. ഹോമിയോ ഡോക്ടർമാരും, ഹോമിയോ ക്ളിനിക്കും മരുന്നു വില്ക്കുന്നത് നിരോധിച്ചു. ഇനി മരുന്നുകൾക്ക് കുറിച്ചു കൊടുക്കൽ മാത്രം. വില്പന മെഡിക്കൽ ഷോപ്പിലും.

ഹോമിയോ ചികിൽസക്കെതിരായ ആക്ഷേപം വ്യാപകമായിരുന്നു. ആരു ചെന്നാലും പഞ്ചാര ഗുളികയിൽ സ്പിരിറ്റ് തുള്ളികൾ ഒഴിച്ചു നല്കി ആളുകളേ പറ്റിക്കുന്നു എന്നായിരുന്നു മുഖ്യ ആക്ഷേപം. ഹോമിയോ കഴിച്ച് രോഗം മാറാതെ അപകട നിലയിൽ ആയി മരണങ്ങൾ ധാരാളം റിപോർട്ട് ചെയ്തിരുന്നു. ഹോമിയോയ്ക്ക് രോഗം മാറ്റാൻ കഴിയും എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ആധുനിക കാലത്തേ വെല്ലുവിളികൾക്കും ചോദ്യങ്ങൾക്കും മുന്നിൽ ഹോമിയോ ചികിൽസ ഉത്തരങ്ങൾ ഇല്ലാതെ വിയർക്കുകയായിരുന്നു. വിദേശ രാജ്യങ്ങൾ മുമ്പേ തന്നെ ഹോമിയോ ചികിൽസ നിരോധിച്ചിട്ടുള്ളതാണ്‌.

അലോപ്പതി മരുന്നുകൾ വിൽക്കുന്ന സാധാരണ മരുന്നുകടകളിൽ ഇനി മുതൽ ഹോമിയോ മരുന്നുകളും വിൽക്കാം. നിയമഭേദഗതി ഈമാസം 10നു പ്രാബല്യത്തിലായി. ഹോമിയോ മരുന്നുകൾ കുറിച്ചുകൊടുക്കുന്നതിലും വിൽക്കുന്നതിലും ഡോക്ടർമാർ വഴിവിട്ടു പ്രവർത്തിക്കുന്നതായി വിലയിരുത്തിയാണു ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ (ഡിടിഎബി) നിർദേശങ്ങളോടെ ഭേദഗതികൾ നടപ്പാക്കുന്നത്.

ഹോമിയോ ചികിൽസാ രീതിയേ ശാസ്ത്രീയമായി ചോദ്യം ചെയ്ത് പ്രശസ്ത ബ്ളോഗറും എഴുത്തുകാരനുമായ കെ.പി സുകുമാരൻ എഴുതിയ പ്രതികരണം വായിക്കുക

ഹോമിയോപ്പതിയെ എതിര്‍ത്താല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല.  ആളുകളുടെ തെറി വാങ്ങിക്കൂട്ടേണ്ടി വരും എന്ന് ഉറപ്പ്. ഇന്ന് ഹോമിയോപ്പതിയില്‍ വിശ്വസിക്കാത്ത ആരും കേരളത്തില്‍ ഇല്ല. അത്കൊണ്ട് തന്നെ ഹോമിയോപ്പതിയെ എതിര്‍ക്കുമ്പോള്‍ അത് വ്യക്തിപരമായാണ് എടുക്കുക. ഇന്ന് എല്ലാ വിശ്വാസങ്ങളുടെയും അവസ്ഥ അതാണ്. ഒരു വിശ്വാസിക്ക് അയാളുടെ വിശ്വാസം സ്വന്തം ജീവനെ പോലെയാണ്. ആ വിശ്വാസത്തെ ആര് എതിര്‍ക്കുന്നുവോ ആ എതിര്‍ക്കുന്നയാളെ തന്റെ ശത്രുവായിക്കാണും.  ആളുകളില്‍ വിവേകം നശിക്കുകയും വിശ്വാസത്തിന് ബലം കൂടുകയും ചെയ്ത ഈ കാലത്തിന്റെ പ്രത്യേകതയാണിത്. എതിര്‍വിശ്വാസങ്ങളെ താങ്ങാനുള്ള കെല്പ് ആളുകള്‍ക്ക് ഇല്ല. ഒന്നും കഴിഞ്ഞില്ലെങ്കില്‍ നാല് തെറിയെങ്കിലും പറഞ്ഞേ അടങ്ങൂ.  കേരളത്തില്‍ ഹോമിയോപ്പതിയെ എതിര്‍ക്കണമെങ്കില്‍ അസാമാന്യമായ ധൈര്യം വേണം. അത്രയ്ക്കാണ് ഹോമിയോ വിശ്വാസത്തിന്റെ കടുപ്പം.

എന്താണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം.  എന്തെങ്കിലും ഒരു രോഗവുമായി ഒരു രോഗി ഹോമിയോപ്പതി ഭിഷഗ്വരനെ സമീപിക്കുന്നു. തന്റെ മുന്‍പില്‍ ഇരിക്കുന്ന രോഗിയോട് എന്തെല്ലാമാണ് ലക്ഷണങ്ങള്‍ എന്ന് ഭിഷഗ്വരന്‍ ചോദിക്കുന്നു.  തന്റെ പ്രയാസങ്ങള്‍ എല്ലാം രോഗി വിവരിക്കുന്നു.  ആ ലക്ഷണങ്ങളെല്ലാം മനസ്സിലാക്കി , അതേ ലക്ഷണങ്ങള്‍ ആ രോഗിയില്‍ വീണ്ടും ഉണ്ടാക്കാന്‍ വേണ്ടി ഹോമിയോ മരുന്നു കൊടുക്കുന്നു.  ആ മരുന്നു കഴിച്ചു കഴിയുമ്പോള്‍ ആ രോഗിക്ക് സ്വതവേ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ വീണ്ടും ഉണ്ടാവുകയും അങ്ങനെ മരുന്നിനാല്‍ ഉണ്ടാക്കപ്പെട്ട ലക്ഷണങ്ങള്‍ ആദ്യത്തെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഇതിനാണ് സമാനമായത് സമാനമായതിനെ നശിപ്പിക്കും എന്നു പറയുക പോലും. ഇതാണ് ഹോമിയോപ്പതിയുടെ സിദ്ധാന്തം.  അത്കൊണ്ടാണ് ഈ സിദ്ധാന്തത്തിന് ഹോമിയോപതി എന്ന് ശാമുവല്‍ ഹാനിമാന്‍ പേരിട്ടത്.  ഇതാണ് ശരിയായ ചികിത്സാശാസ്ത്രം എന്നും ഹാനിമാന്‍ പറയുന്നു.  ഹോമിയോപ്പതിക്ക് എതിരായ, തെറ്റായ ചികിത്സക്ക് അദ്ദേഹം ഇട്ട പേരാണ് അലോപ്പതി എന്ന്.  മോഡേണ്‍‌മെഡിസിനെ അലോപ്പതി എന്ന് പലരും പറയുന്നത് ഈ വസ്തുത അറിയാതെയാണ്. തന്റെ ചികിത്സാക്രമത്തിന് ഹോമിയോപ്പതി എന്ന് പേരിട്ടതും തന്റേതിന് എതിരായ ചികിത്സയ്ക്ക് അലോപ്പതി എന്ന് പേര്‍ വിളിച്ചതും ഹാനിമാന്‍ തന്നെ.

ലോകത്തുള്ള എല്ലാ രോഗങ്ങള്‍ക്കും മരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ട് എന്ന് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ അവകാശപ്പെടാനുള്ള കാരണം, രോഗിക്ക് രോഗലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക എന്നും അതേ ലക്ഷണം തങ്ങള്‍ കൊടുക്കുന്ന മരുന്ന് കൊണ്ട് രോഗിയില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും  ഒരു ലക്ഷണത്തെ അതേ ലക്ഷണം ഇല്ലാതാക്കും എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ്. ആര് എന്ത് തെറി പറഞ്ഞാലും ഈ വിശ്വാസത്തെ വട്ട് എന്നേ ഞാന്‍ പറയൂ. അത്കൊണ്ടാണ് ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം എന്ന് ഞാന്‍ പറയുന്നത്. സര്‍വ്വരോഗങ്ങളും മാറ്റാന്‍ എന്ത് എളുപ്പമാണ് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ക്ക്.  ആകെ വേണ്ടത് ഗ്ലൂക്കോസ് ഗുളിക. ആ ഗുളികയില്‍ രോഗിയുടെ ലക്ഷണങ്ങള്‍ക്കൊത്ത പോട്ടന്‍ഷ്യല്‍ ക്രമീകരിച്ച മദര്‍ ടിങ്ചര്‍ കലര്‍ത്തിക്കൊടുക്കുക. രോഗം എന്തായാലും ക്ലോസ്. ഇന്നത്തെ കാ‍ലത്ത് ഈ രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യാനും ഹോമിയോ മദര്‍ ടിങ്ചറിന്റെ പോട്ടന്‍ഷ്യല്‍ നിര്‍ണ്ണയിക്കാനും ഹോമിയോപ്പതിക്കാര്‍   തയ്യാറാക്കിയിട്ടുണ്ട്.  ഒരു ലാപ്‌ടോപ്പും കുറെ ഗ്ലൂക്കോസ് ഗുളികകളും മദര്‍ ടിങ്ചറുമുണ്ടായാല്‍ എല്ലാ രോഗങ്ങളും മാറ്റാം. മദര്‍ടിങ്ചര്‍ എന്നു പറയുമ്പോള്‍ പ്രകൃതിദത്തമായ അസംസ്ക്കൃതപദാര്‍ത്ഥങ്ങളില്‍ നിന്ന് 3000ത്തോളം മരുന്നുകള്‍ തങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് എന്ന് ഹോമിയോക്കാര്‍ അവകാശപ്പെടുന്നുണ്ട്.

അതെന്തോ ആകട്ടെ, അക്കണ്ട മരുന്നുകളൊക്കെ രോഗിയില്‍ സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനല്ലേ? രോഗാണുക്കളായ ബാക്റ്റീരിയകള്‍ , വൈറസ്സുകള്‍ മുതലായ സൂക്ഷ്മജീവികള്‍ ഉണ്ടെന്നും ആ അണുക്കളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ഇന്ന് നമുക്ക് അറിയാം. ഇക്കാര്യം ഇന്നത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ക്കും അറിയാം. പക്ഷെ ഹാനിമാന്റെ തീയറി പ്രകാരം , ആ രോഗാണുക്കളെ നശിപ്പിക്കാനുള്ള ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഹോമിയോപ്പതിയില്‍ കൊടുക്കാന്‍ പാടില്ല. രോഗാണുക്കളാണ് രോഗങ്ങള്‍ക്ക് കാരണം എന്ന് അംഗീകരിക്കലായി പോകും അത്. അങ്ങനെ അംഗീകരിച്ചാല്‍ ഹോമിയോപ്പതിക്ക് എന്ത് പ്രസക്തി?  അത്കൊണ്ട് സമര്‍ത്ഥരായ ഹോമിയോപ്പതിക്കാര്‍ ഞങ്ങളുടെ കൈയില്‍ പ്രതിരോധമരുന്നുകള്‍ ഉണ്ടെന്നാണ് പറയുക. അതും ഇപ്പറഞ്ഞ പഞ്ചാ‍രഗുളികയും മദര്‍ടിങ്ചറും തന്നെയാണ്.

പ്രതിരോധ ശേഷി നശിക്കുന്നത്കൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നും അത്കൊണ്ട് പ്രതിരോധശേഷി വീണ്ടെടുത്താല്‍ രോഗങ്ങള്‍ മാറുമെന്നും ,  പ്രതിരോധശേഷിക്കാണ് ഞങ്ങളുടെ മരുന്ന് എന്നും ഇക്കാലത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ അവകാശപ്പെടുന്നു. അതായത് രോഗം എത്ര മൂര്‍ച്ഛിച്ചാലും അവരുടെ കൈയിലുള്ള വിദ്യകള്‍ രണ്ടാണ്. ഒന്ന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കി മാറ്റുക , മറ്റേത് പ്രതിരോധശേഷി വീണ്ടെടുത്ത് മാറ്റുക. രണ്ടിനും ഗ്ലൂക്കോസ് ഗുളികയും മദര്‍‌ടിങ്ചറും മാത്രം. ഇതില്‍ ഗ്ലൂക്കോസ് ഗുളികയുടെ ആവശ്യം വരുന്നത് ഏതാണ്ട് സ്പിരിറ്റിന്റെ ഒരു മാതിരി ഗന്ധം വരുന്ന മദര്‍ ടിങ്ചര്‍ നേരിട്ട് അകത്താക്കാന്‍ വിഷമമായത്കൊണ്ടായിരിക്കും. അല്ലാതെ ഗ്ഗ്ലൂക്കോസ് ഗുളിക മരുന്നായി അവര്‍ കാണുന്നില്ല. ചുരുക്കത്തില്‍ മദര്‍ ടിങ്ചറില്‍ ക്രമീകരിച്ചിരിക്കുന്ന പോട്ടന്‍ഷ്യല്‍ ആണ് സര്‍വ്വരോഗസംഹാരി.  ഒരു പാ‍ര്‍ശ്വഫലവും ഇല്ല എന്നാണ് പറയുന്നത്. ഏത് ഫലവും ഉണ്ടാക്കുന്ന ഒന്ന് തീര്‍ച്ചയാ‍യും പാര്‍ശ്വഫലവും ഉണ്ടാക്കും. ഇതൊരു സിമ്പിള്‍ ലോജിക്കാണ്. ഫലം ഉപകാരവും പാര്‍ശ്വഫലം നിരുപദ്രവവുമാകാമല്ലൊ.  പാര്‍ശ്വഫലം ഒന്നും ഉണ്ടാക്കാത്ത ഒന്ന് യാതൊരു ഫലവും ഉണ്ടാക്കുകയില്ല എന്ന് ആലോചിച്ചാല്‍ മനസ്സിലാകും.

മോഡേണ്‍ മെഡിസിന്‍ തിയറി പ്രകാരം രോഗങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വസ്തുനിഷ്ടമായി കണ്ടുപിടിക്കുന്നു. അസംഖ്യം രോഗാണുക്കള്‍ കൊണ്ട് രോഗങ്ങള്‍ ഉണ്ടാകാം. ജന്മനാ ഉള്ള വൈകല്യങ്ങള്‍ കൊണ്ടാകാം. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ രോഗങ്ങള്‍ ഉണ്ടാകാം. ഒരുവകപ്പെട്ട രോഗാ‍ണുക്കളെയെല്ലാം നശിപ്പിക്കാന്‍ പര്യാപ്തമായ ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ആന്റിബയോട്ടിക്ക് മരുന്നുകളുടെ കണ്ടുപിടുത്തത്തോടെയാണ് ഇന്ന് കാണുന്ന ആരോഗ്യകരമായ അവസ്ഥ ഉണ്ടായത്. ശരീരത്തില്‍ പ്രവേശിച്ച് അനുനിമിഷം പെറ്റുപെരുകുന്ന രോഗാണുക്കളെ നശിപ്പിക്കുകയാണ് ആന്റിബയോട്ടിക്ക് മരുന്നുകള്‍ ചെയ്യുന്ന ഫലം. അതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് പറയുന്ന പാര്‍ശ്വഫലം ആര്‍ക്കാണ് ദോഷം വരുത്തുന്നത്?  എവിടെയെങ്കിലും ഒറ്റപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിരിക്കാം. എന്നാലും ഇക്കണ്ട രോഗികള്‍ ഒക്കെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കൊണ്ട് രോഗവിമുക്തി പ്രാപിച്ചില്ലേ? പാര്‍ശ്വഫലങ്ങളെ ഭയന്ന് ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഉപേക്ഷിച്ചാല്‍ രോഗാണുക്കള്‍ രോഗിയെ വെറുതെ വിടുമോ? ഹോമിയോക്കാരന് പ്രതിരോധശേഷി വീണ്ടെടുത്ത്കൊടുക്കാന്‍ കഴിയുമോ?

ഇത്രയും ബഹുലമായ സജ്ജീകരണങ്ങളും,  ഉപകരണങ്ങളും ,  പരിശോധനാ മാര്‍ഗ്ഗങ്ങളും , മരുന്നുകളും, പ്രതിരോധ വാകിസിനേഷനുകളും ലോകമെങ്ങും  അനുസ്യൂതം നടക്കുന്ന നിരന്തര ഗവേഷണങ്ങളും ഒക്കെ അലോപ്പതിയാണ്,  അത് തെറ്റാണ്, ശരി എന്നത് ജര്‍മ്മനിക്കാരന്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഒറ്റ വ്യക്തി കണ്ടുപിടിച്ച ഹോമിയോപ്പതിയാണ് എന്ന് ഈ കാലത്തും ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനാവൂ.  പക്ഷെ ആളുകള്‍ ഇതൊന്നും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം.  ചിന്തിക്കുക എന്ന പരിപാടിയേ ഇപ്പോള്‍ ഇല്ല എന്ന് തോന്നുന്നു. ഹോമിയോപ്പതിയുടെ ഈ അടിസ്ഥാനപരമായ വസ്തുത അധികമാളുകള്‍ക്കുമറിയില്ല.  ലേശമെങ്കിലും ചിന്തിക്കുമായിരുന്നെങ്കില്‍ ഗ്ലൂക്കോസ് ഗുളികയില്‍ കലര്‍ത്തി തരുന്ന ആ‍ ദ്രാവകം കൊണ്ട് സര്‍വ്വരോഗങ്ങളും മാറുമോ എന്ന് സംശയിക്കുകയില്ലായിരുന്നോ?  എന്തിനധികം പറയുന്നു, സമാനമായ ലക്ഷണങ്ങളെ സമാനമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കും എന്നാണ് ഹോമിയോപ്പതിയുടെ അര്‍ത്ഥവും തിയറിയും എന്ന് എത്ര പേര്‍ക്ക് അറിയാം.  കോളറ ബാധിച്ച ഒരു രോഗിയില്‍ , എന്ത് സമാനമായ ലക്ഷണമാണ് ഒരു ഹോമിയോ ഭിഷഗ്വരന് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ലക്ഷണനിര്‍ണ്ണയം നടത്തി ഉണ്ടാക്കാന്‍ പറ്റുക.  മോഡേണ്‍ മെഡിസിന്‍ തെറ്റാണ് അത്കൊണ്ട് അത് അലോപ്പതിയാണ് , ശരി ഇതാ ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു , അതാണ് ഹോമിയോപ്പതി എന്ന ശാമുവല്‍ ഹാനിമാന്റെ അവകാശവാദത്തെ ഞാന്‍ പുച്ഛിച്ച് തള്ളുന്നു. മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ലോകത്തിന് ഒരു ദിവസം അതിജീവിയ്ക്കാന്‍ കഴിയില്ല എന്നും ഞാന്‍ തറപ്പിച്ചു പറയുന്നു.

Top