പോലീസ് ട്രാപ്പിലാക്കുന്നതിന് മുമ്പ്‍ ഹണിപ്രീത് ഉപയോഗിച്ചത് 17 സിം കാർഡുകൾ

ദില്ലി: 39 ദിവസത്തെ അ‍ജ്ഞാത വാസത്തിനിടയില്‍ ഹണിപ്രീത് ഇന്‍സാന്‍ 17 തവണ സിം കാർഡ് മാറ്റിയിരുന്നതായി വെളിപ്പെടുത്തൽ. അ‍ജ്ഞാത വാസത്തിന് ശേഷം പോലീസിൽ കീഴടങ്ങിയ ഹണിപ്രീത് പോലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പറഞ്ഞത്. ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീത് ഹരിയാണ പോലീസില്‍ കീഴ‍ടങ്ങിയത്. നേരത്തെ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ ആളായിരുന്നു ഹണിപ്രീത്.

ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് താൻ ഉപയോഗിച്ച ഫോൺ നമ്പറുകളിൽ ചിലത് ഹണിപ്രീത് പോലീസിന് മുന്നിൽ വെളിപ്പെടുത്തി. ഈ നമ്പറുകൾ ട്രേസ് ചെയ്യാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ പല നമ്പറുകളും ഉപയോഗത്തിലില്ല എന്നാണത്രെ അറിയാന്‍ കഴിഞ്ഞത്. വാട്സ് ആപ്പിലൂടെയായിരുന്നു ഹണിപ്രീത് ഈ ഫോൺ നമ്പറുകളുപയോഗിച്ച് ആളുകളുമായി ബന്ധപ്പെട്ടിരുന്നത് എന്നാണ് പോലീസ് മനസിലാക്കുന്നത്.

സഹായിയായ സുഖ്ദീപിന്റെ അറസ്റ്റിന് പിന്നാലെയാണ് ഹണിപ്രീത് എവിടെയാണ് എന്ന് മനസിലാക്കാൻ പോലീസിന് സാധിച്ചത്. ഹണിപ്രീതുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന നാല് ഫോൺ നമ്പറുകൾ സുഖ്ദീപ് പോലീസിന് നൽകിയിരുന്നു. ഇത്രയധികം സിം കാർഡുകൾ ഹണിപ്രീത് എങ്ങനെയാണ് സംഘടിപ്പിച്ചത് എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പണം തട്ടിയ കേസിലും ഹണിപ്രീതിനെതിരെ പോലീസ് അന്വേഷണം നേരിടേണ്ടിവരും

Top