കിടക്കയുടെ അടിയില്‍ കരിമൂര്‍ഖന്‍; ഉറങ്ങികിടന്ന ഒമ്പതുവയസുകാരി മരിച്ചു

രാവിലെ കുട്ടിയെ ഉണര്‍ത്താനെത്തിയപ്പോഴായിരുന്നു കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണകാരണമെന്നറിയാതെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പാമ്പ് കടിച്ചതായി മനസിലായത്. തായ്‌ലന്റിലാണ് ഞെട്ടിയ്ക്കുന്ന സംഭവം.

ഉറങ്ങാന്‍ കിടന്ന പ്രപവി പ്രവത് എന്ന ഒന്‍പതു വയസ്സുകാരിയെയാണ് രാവിലെ മരിച്ച നിലയില്‍ കിടക്കയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടക്കയുടെ അടിയില്‍ ചുരുണ്ടു കൂടിയ നിലയില്‍ രണ്ടു മീറ്ററോളം നീളമുള്ള കരിമൂര്‍ഖനെ കണ്ടെത്തിയത്. പുതപ്പിനടിയില്‍ നിന്നു പുറത്തേക്ക് നിന്ന കുട്ടിയുടെ കൈവിരലിലാണ് പാമ്പിന്റെ കടിയേറ്റത്.

പൊലീസെത്തി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ചൂണ്ടുവിരലില്‍ കടിയേറ്റ ചുവന്ന ചെറിയ പാടു കണ്ടെത്തി. തുടര്‍ന്നാണ് കിടക്കയുടെ അടിയില്‍ ചുരുണ്ടു കൂടി കിടക്കുന്ന നിലയില്‍ പാമ്പിനെ കണ്ടെത്തിയത്

പാമ്പിനെ നാട്ടുകാര്‍ ഉടന്‍ തന്നെ തല്ലിക്കൊന്നു. കുട്ടി പാമ്പിന്റെ കടിയേറ്റത് അറിഞ്ഞിരിക്കില്ലെന്നും ഉറക്കത്തില്‍ തന്നെ മരിച്ചിരിക്കാമെന്നുമാണ് നിഗമനം. മുത്തശ്ശി വിളിക്കാനെത്തുന്നതിനും ഏതാണ്ട് എട്ടു മണിക്കൂര്‍ മുമ്പു തന്നെ കുട്ടി മരണപ്പെട്ടിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തണുപ്പു കാലമായതിനാല്‍ ചൂടന്വേഷിച്ചാകാം പാമ്പ് കിടക്കയിലേക്കെത്തിയതെന്നാണു കരുതുന്നത്. കുട്ടിയുടെ അച്ചനും അമ്മയും വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് പ്രവത് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം.

Top