മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഗാര്‍ഹിക മേഖലയിലേക്ക് തൊഴില്‍മാറ്റം അനുവദിക്കില്ല; സൗദി തൊഴില്‍ മന്ത്രാലയം

റിയാദ്: വാണിജ്യ വ്യാപാര മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഗാര്‍ഹിക മേഖലയിലകളിലേക്ക് ജോലിമാറ്റം അനുവദിക്കില്ലെന്ന് സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം. ഇതോടെ നിലവില്‍ വാണിജ്യ വ്യാപാര മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ഡ്രൈവര്‍, വേലക്കാര്‍, പാചകക്കാര്‍, പരിചാരകര്‍ തുടങ്ങി വീട്ടുജോലിക്കാരുടെ തസ്തികയിലേക്ക് മാറാന്‍ അനുമതിയുണ്ടാകില്ല.

വിദേശ തൊഴിലാളികള്‍ക്കു സ്വകാര്യമേഖലകളില്‍ പ്രഫഷന്‍ മാറാന്‍ സെപ്റ്റംബര്‍ 12 മുതല്‍ അനുമതി നല്‍കുമെന്നു മന്ത്രാലയം ഈയിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒട്ടേറെപ്പേര്‍ ഗാര്‍ഹിക മേഖലയിലേക്ക് മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.ഡോക്ടര്‍, എന്‍ജിനീയര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയ തസ്തികകളിലേക്ക് മാറണമെങ്കില്‍ ബന്ധപ്പെട്ട കൗണ്‍സിലിന്റെ സാക്ഷ്യപത്രം അടക്കം ലേബര്‍ ഓഫിസിനെയാണു സമീപിക്കേണ്ടത്.

ബന്ധപ്പെട്ട മേഖലകളില്‍ പ്രാവീണ്യവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്കേ അതാതു വകുപ്പില്‍നിന്ന് പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ അപേക്ഷ നിരസിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, മറ്റു തസ്തികയിലേക്ക് പ്രഫഷന്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ അതതു സ്ഥാപനം മുഖേന ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ മതിയാകും എന്നും മന്ത്രാലയം അറിയിച്ചു..

Top