ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് നല്‍കിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം; വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ വീഴ്ചവരുത്തിയെന്ന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. പോലീസ്, ഫിഷറീസ്, കാലാവസ്ഥ വകുപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസയച്ചു. ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടാന്‍ കഴിയില്ലെന്നു കമ്മീഷന്‍ പറഞ്ഞു. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അതേസമയം ഒാഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തന്‍റെ ക്ഷണപ്രകാരമാണെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. മന്ത്രിസഭായോഗം തീരുമാനിച്ച നഷ്ടപരിഹാര പാക്കേജിന്‍റെ വിശദാംശങ്ങള്‍ അടക്കം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച സർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മൂന്നു മണിക്ക് തിരുവനന്തപുരത്താണു യോഗം. ചുഴലിക്കാറ്റിനെ തുടർന്നുള്ള രക്ഷാപ്രവർത്തനവും പുരോഗതിയും പുനരധിവാസവും യോഗം ചർച്ച ചെയ്യും.

ഓഖി ദുരന്തത്തിൽ പ്രതികരണവുമായി കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ(കെസിബിസി) രംഗത്തെത്തി. സമയോചിതമായ ഇടപെടലുണ്ടായിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം കുറയ്ക്കാമായിരുന്നുവെന്ന് കെസിബിസി പറഞ്ഞു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇപ്പോൾ ഉണർന്നു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും കെസിബിസി പറഞ്ഞു.

Top