ഭാര്യയെ കൊലപ്പെടുത്തി ആശുപത്രിയുടെ മുന്‍പില്‍ ഉപേക്ഷിച്ചയാളുടെ ദൃശ്യങ്ങള്‍ പുറത്ത്

യാദഗിരി : ഭാര്യയെ കൊലപ്പെടുത്തി ആശുപത്രിയുടെ മുന്‍പില്‍ ഉപേക്ഷിച്ചയാളുടെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടക യാദഗിരിയിലാണ് നടുക്കുന്ന സംഭവം. ശാന്തമ്മയെന്ന യുവതിയെയാണ് ഭര്‍ത്താവ് വെങ്കിടേഷ് ക്രൂരമായി കൊല ചെയ്തത്. തുടര്‍ന്ന് യാദഗിരി ജില്ലാ ആശുപത്രിയുടെ മുന്‍പില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ സംഭവം.

എന്നാല്‍ ഇയാള്‍ ഭാര്യയുടെ മൃതദേഹവുമായി ബൈക്കില്‍ വരുന്നതും തുടര്‍ന്ന് ആശുപത്രിയുടെ മുന്‍പില്‍ ഉപേക്ഷിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. യാദഗിരിയിലെ ഹുക്കേരി സ്വദേശിയാണ് വെങ്കിടേഷ്. ആദ്യ ഭാര്യയുമായുള്ള ബന്ധം ഇയാള്‍ നിയമപരമായി ഒഴിയുകയായിരുന്നു.

തുടര്‍ന്ന് ശാന്തമ്മയെ പ്രണയിക്കുകയും കഴിഞ്ഞ മെയില്‍ വിവാഹം കഴിക്കുകയും ചെയ്തു.എന്നാല്‍ ഇവര്‍ തമ്മില്‍ ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനിടെയാണ് ശാന്തമ്മ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് സ്വാഭാവിക മരണമാക്കി മാറ്റാനായിരുന്നു വെങ്കിടേഷിന്റെ ശ്രമം. ഇതിനായാണ് ആശുപത്രിയുടെ മുന്‍പില്‍ മൃതദേഹം ഉപേക്ഷിച്ചത്. പക്ഷേ ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍ വ്യക്തവും കൃത്യവുമായി പതിഞ്ഞതോടെ ഇയാള്‍ കുരുക്കിലായി. വെങ്കിടേഷിനുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

Top