ഇടുക്കി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു; പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 6 ലക്ഷം ലിറ്ററാകുന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 6 ലക്ഷം ലിറ്ററാകുന്നു. തീരത്തുള്ളവര്‍ നിര്‍ബന്ധിതമായും ക്യാംപുകളിലേക്ക് മാറമമെന്ന് നിര്‍ദേശമുണ്ട്. അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നേരിയ കുറവുണ്ട്. അഞ്ചാമത്തെ ഷട്ടറും തുറക്കുമെന്നാണ് വിവരം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഇതുവരെ ഒഴുക്കിവിട്ടിരുന്നത്. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്.

നിലവിലെ റീഡിങ് അനുസരിച്ച് 2401.50 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല.

ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറഞ്ഞിരുന്നു. നിലവിൽ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

പെരിയാറിലും കൈവഴികളിലും വെള്ളം ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. അതേസമയം ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടയ്ക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. പെരിയാറിന്റെ തീരത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷമാണ് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയത്.

Top