സൗദിയും,യുഎഇയും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് പിന്നീട് ഐഎംഎഫ്

സൗദിയും യുഎഇയും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കുന്നതിന് കൂടുതല്‍ സമയം വേണ്ടി വരുമെന്ന് ഐഎംഎഫ്. സാങ്കേതികവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കുന്നത് വൈകുന്നത്.2018 മുതല്‍ ഗള്‍ഫ് രാജ്യങ്ങളെല്ലാം വാറ്റ് നടപ്പാക്കണണെന്നായിരുന്നു ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ധാരണ. എന്നാല്‍ സൌദി അറേബ്യയും യുഎഇയും മാത്രമാണ് പൂര്‍ണതോതില്‍ വാറ്റ് നടപ്പിലാക്കിയത്. ഒമാന്‍ ഈ വര്‍ഷം അവസാനത്തോടെയും കുവൈത്ത് അടുത്ത വര്‍ഷം ആദ്യവും വാറ്റു നടപ്പിലാക്കാനാണ് സാധ്യത.

എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ഒന്നര വര്‍ഷം കഴിയാതെ പൂര്‍ണതോതില്‍ ഈ രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കാനാകില്ലെന്നാണ് ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. 2019 പകുതിയോടെ മാത്രമായിരിക്കും കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പൂര്‍ണതോതില്‍ വാറ്റ് നടപ്പാക്കുകയെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം വാറ്റ് നടപ്പാക്കില്ലെന്ന് കുവൈത്ത് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കുവൈത്തിന്റെ തീരുമാനം.

Top