ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയ്ക്ക് ക്ഷണമില്ല; പകരം എത്തുന്നത് ക്രിക്കറ്റ് താരങ്ങളും ഒപ്പം ആമിര്‍ ഖാനും

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ദ പാക്കിസ്ഥാന്‍ തെഹ്‌രീക്- ഇ- ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി വക്താവ്. മോദിയ്ക്ക് പകരം ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ്ജോത് സിംഗ് സിദ്ധു എന്നിവര്‍ക്കാണ് ക്ഷണം ഉണ്ടായിരിക്കുന്നത്.

ആഗസ്റ്റ് പതിനൊന്നിനാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത്.ഇമ്രാന്‍ വിജയിച്ചതിന് പിന്നാലെ നരേന്ദ്ര മോദി അദ്ദേഹത്തിനെ വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ പുതിയൊരു അദ്ധ്യായത്തിന്റെ സൂചനയാണിതെന്ന് നേരത്തെ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് മോദിയെ തള്ളിക്കളഞ്ഞത് പുതിയ പോരിനുള്ള മുന്നൊരുക്കമാണോ എന്ന ആശങ്കയിലാണ് ലോകം.ജൂലായ് 25നാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ​ 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകളാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്നാണ് ഇമ്രാന്‍ ഭരണത്തിലേറാന്‍ തയ്യാറെടുക്കുന്നത്.

Top