താനും സല്‍മാന്‍ രാജാവും ഉള്ളിടത്തോളം ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട സത്യം മൂടിവെക്കാനാകില്ല; ഒടുവിൽ മൗനം വെടിഞ്ഞു സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിലെ വാഷിങ്ങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഖേദം രേഖപ്പെടുത്തി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. താനും സല്‍മാന്‍ രാജാവും ഉള്ളിടത്തോളം കാലം ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട സത്യം മൂടിവെക്കാനാകില്ല.കൊലപാതകത്തിന്റെ സത്യാവസ്ഥ അന്വേഷണത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്തുമെന്നും സൗദി കിരീടാവകാശി പറഞ്ഞു. റിയാദില്‍ നടന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍.

സാഹചര്യം മുതലെടുത്ത് തുര്‍ക്കിയേയും സൗദിയേയും തമ്മില്‍ തെറ്റിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാല്‍ അത്തരം ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കി പ്രസിഡന്റുമായി ഇന്ന് സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളേയും രണ്ട് ചേരിയിലാക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഖഷോഗി വധത്തിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശി ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത്. ഖഷോഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തതില്‍ നിന്നും സൗദിയ്ക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

Top