നടിമാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നവര്‍ കണ്ടുപഠിക്കണം ജയസൂര്യയെ

കൊച്ചി: കലാകാരന്മാര്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കണം എന്ന് പറയാറുണ്ട്. എന്നാല്‍ കോടികള്‍ പണം സമ്പാദിക്കുന്ന പലര്‍ക്കും അത് ബാധകമേയല്ല. ചിലര്‍ അക്കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്നുമുണ്ട്.

മലയാളത്തില്‍ തന്നെ സിനിമാതാരങ്ങളില്‍ പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യസേവനത്തിലും പങ്കാളികളാവുന്നുണ്ട്. സിനിമാഭിനയത്തിനപ്പുറം സാമൂഹികമായ നിലപാട് എടുക്കുന്ന നടനാണ് ജയസൂര്യ. നല്ല നടന്‍ മാത്രമല്ല നല്ല മനുഷ്യന്‍ കൂടിയാണ് ജയസൂര്യ എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ഈ അടുത്ത കാലത്തായി വാഹനാപകടങ്ങളും മറ്റും സംഭവിക്കുമ്പോള്‍ ഇരകളായവരെ രക്ഷിക്കുന്നതിന് പകരം മൊബൈലില്‍ ചിത്രം പകര്‍ത്താനാണ് ജനക്കൂട്ടം താല്‍പര്യം കാണിക്കാറുള്ളത്. അത്തരമൊരു സംഭവമാണ് കൊച്ചിയില്‍ നടന്നത്.അങ്കമാലിയിലെ ലൊക്കേഷനിലേക്ക് പോകുകയായിരുന്നു ജയസൂര്യ. കൊച്ചിയിലെ ഒബ്‌റോണ്‍ മാളിന് സമീപത്ത് എത്തിയപ്പോള്‍ അവിടെ ഒരു ആള്‍ക്കൂട്ടം കണ്ടു.

അപകടമാണ് എന്ന് മനസ്സിലായതോടെ ജയസൂര്യ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വണ്ടി തട്ടി ചോരയൊലിപ്പിച്ച് ഒരാള്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ കിടക്കുകയായിരുന്നു.ആരും അപകടം പറ്റിയ ആളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നില്ല. മറിച്ച് തര്‍ക്കിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു. ഇതോടെ ജയസൂര്യ സംഭവത്തില്‍ ഇടപെടുകയായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു പയ്യനും ജയസൂര്യയും ചേര്‍ന്ന് ആളെ ആശുപത്രിയിലെത്തിച്ചു. ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലാണ് എത്തിച്ചത്. ജയസൂര്യയുടെ വണ്ടി തട്ടിയാണ് അപകടമെന്ന് പലരും തെറ്റിദ്ധരിച്ചു.

എന്നാല്‍ തന്റെ വണ്ടിയല്ല അപകടമുണ്ടാക്കിയതെന്ന് ജയസൂര്യ ആശുപത്രിക്കാരോട് പറഞ്ഞു. വഴിയില്‍ ഏതോ വണ്ടി ഇടിച്ചിട്ടതാണെന്നും തനിക്ക് അപകടം പറ്റിയ ആളെ പരിചയമില്ലെന്നും ജയസൂര്യ വ്യക്തമാക്കി. ബംഗാള്‍ സ്വദേശിയായ ഥാപ്പയായിരുന്നു അപകടത്തില്‍പ്പെട്ടത്. തിരികെ ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അപകടം പറ്റിയ ആള്‍ തന്നെ നന്ദിയോടെ നോക്കിയെന്നും ജയസൂര്യ പറയുന്നു. പൊതുജനത്തോട് ജയസൂര്യയ്ക്ക് ഒരു അഭ്യര്‍ത്ഥനയുമുണ്ട്

വലിയ ഒരു കാര്യം ചെയ്തു എന്ന തോന്നല്‍ തനിക്കില്ല. ജീവിതത്തില്‍ ആര്‍ക്കും അബദ്ധം സംഭവിക്കാം. ചിലപ്പോള്‍ നമ്മുടെ വണ്ടി മറ്റൊരാളുടെ മേല്‍ തട്ടിയേക്കാം.അങ്ങനെ സംഭവിച്ചാല്‍ അവരെ ഉപേക്ഷിച്ച് കടന്ന് കളയരുതെന്ന് ജയസൂര്യ അഭ്യര്‍ത്ഥിക്കുന്നു. അപകടം നമ്മുടെ ശ്രദ്ധയില്‍ പെടുകയാണ് എങ്കില്‍ ആശുപത്രിയില്‍ എത്തിക്കണം. ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും ജയസൂര്യ അഭ്യര്‍ത്ഥിക്കുന്നു.

Top