ഇന്ത്യയും തള്ളിപ്പറഞ്ഞു ; മൂന്നാമതൊരു ഇടപെടല്‍ വേണ്ട ;ട്രംപിന്‍റെ പ്രഖ്യാപനം തള്ളി

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യയും ലോകനേതാക്കളും പ്രതിഷേധവുമായി രംഗത്ത്. പലസ്തീന്‍ വിഷയത്തില്‍ മൂന്നാമതൊരു രാജ്യത്തിന്‍റെ തീരുമാനം ഇന്ത്യയുടെ നയത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും മാറ്റമില്ലാത്തതുമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പലസ്തീന്‍റെ പരമാധികാരം അംഗീകരിക്കുകയും അതേസമയം, ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേലിന്‍റെ നിലപാടിനൊപ്പവുമാണ് ഇന്ത്യ.

ടെൽ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തെ തുറന്നെതിർത്ത് ബ്രിട്ടനും രംഗത്തെത്തി. അമേരിക്കയുടെ പാത പിന്തുരടാൻ തങ്ങളില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മധ്യ കിഴക്കൻ ഏഷ്യയിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ ഈ തീരുമാനം വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പാലസ്തീനും തലസ്ഥാനമായി കരുതുന്ന ജറുസലേമിന്റെ അവകാശത്തെക്കുറിച്ചുള്ള തർക്കം ചർച്ചയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ടതാണെന്ന നിലപാടാണ് ബ്രിട്ടന്.ഈ വിശുദ്ധനാടിന്റെ അവകാശം ഇരുകൂട്ടരും പങ്കിട്ട് അനുഭവിക്കണമെങ്കിൽ അങ്ങനെയും ആകാമെന്നാണ് ബ്രിട്ടന്റെ അഭിപ്രായം. എന്തായാലും ബ്രിട്ടന്റെ എംബസി ടെൽ അവീവീൽനിന്നും ജറുസലേമിലേക്ക് മാറ്റാൻ ഉദ്ദേശമില്ലെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

Top