ഇനി അവര്‍ക്ക് സുഖമായി പുതച്ചുറങ്ങാം: ഡല്‍ഹിയിലെ തണുപ്പില്‍ മരവിച്ചുറങ്ങുന്ന പാവങ്ങള്‍ക്കു കമ്പിളി പുതപ്പുമായി കേന്ദ്രമന്ത്രിയും ഭാര്യയും

ന്യൂഡല്‍ഹി: ചേരികള്‍ ഏറെയുള്ള ഡല്‍ഹിയില്‍ പാവങ്ങള്‍ തണുത്ത് വിറച്ച് കിടപ്പിലാണ്. അവരെ തട്ടിവിളിച്ചു രണ്ടു മുഖങ്ങള്‍ മറ്റാരുമല്ല സോഷ്യല്‍ മീഡിയ ട്രോളിക്കൊന്ന കേന്ദ്രമന്ത്രിയും ഭാര്യയും. പക്ഷേ ഒപ്പം പത്ര ഫോട്ടോ ഗ്രാഫര്‍മാരോ ചാനല്‍ ക്യാമറകളോ ഇല്ലായിരുന്നു. പാവങ്ങള്‍ക്ക് ഇടയിലേക്ക് കേന്ദ്രമന്ത്രി നടന്നെത്തി. തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് കമ്പളി പുതപ്പ് നല്‍കി. ഇനി അവര്‍ക്ക് സുഖമായി പുതച്ചുറങ്ങാം.

മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനമാണ് പാവങ്ങളുടെ കഷ്ടത തിരിച്ചറിഞ്ഞ് തെരുവിലെത്തിയത് ഭാര്യയും ഒപ്പമുണ്ടായിരുന്നു. തെരുവിലുറങ്ങുന്നവര്‍ക്ക് കമ്പളി പുതപ്പ് നല്‍കി മടങ്ങി. അവിടെയുണ്ടായിരുന്ന മലയാളി എടുത്ത ഫോട്ടോയാണ് ഇതിനൊപ്പം മറുനാടന്‍ പുറത്തുവിടുന്നത്. ഇതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനോ പബ്ലിസിറ്റിക്കില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിക്കുന്നു. വാര്‍ത്ത പ്രാധാന്യത്തിനായി ചെയ്തതായിരുന്നില്ല ഇതെന്നാണ് മന്ത്രിയുടെ ഓഫീസും പ്രതികരിക്കുന്നത്.

ഏറെ കാലം ഡല്‍ഹിയില്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം. അന്നും പാവങ്ങള്‍ക്കൊപ്പം നിന്ന് വന്‍കിട കൈയേറ്റങ്ങള്‍ ഒഴുപ്പിച്ച് ശ്രദ്ധേയനായിരുന്നു. ഐഎഎസ് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ കണ്ണന്താനം ഇടതുപക്ഷത്തെയാണ് ആദ്യം പ്രതിനിധാനം ചെയ്തത്. ഡല്‍ഹിയോടുള്ള താല്‍പ്പര്യമാണ് ബിജെപി പാളയത്തിലെത്തിച്ചത്. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായ കണ്ണന്താനത്തെ പ്രധാനമന്ത്രി മോദിയുടെ താല്‍പ്പര്യമാണ് കേന്ദ്രമന്ത്രിയാക്കിയത്. ടൂറിസം മന്ത്രിയുടെ ചുമതലയും നല്‍കി.കണ്ണന്താനം സ്വച്ഛ് ഭാരത് പ്രവര്‍ത്തനത്തില്‍ സജീവമായതിനേയും മറ്റും കളിയാക്കലിനാണ് മാധ്യമങ്ങള്‍ ഉപയോഗിച്ചത്. ചെയ്യുന്നതെല്ലാം വാര്‍ത്താ പ്രാധാന്യത്തിന് വേണ്ടിയാണെന്ന ട്രോളുകള്‍ പലരും സജീവമായി. കണ്ണന്താനത്തിന്റെ ഭാര്യ സ്വകാര്യമായി പറഞ്ഞതു പോലും തമാശ പരിപാടികളില്‍ കാണിച്ച് അവഹേളിക്കുകയും ചെയ്തു. ഇതെല്ലാം മനസ്സില്‍ വച്ചാണ് ആളൊഴിഞ്ഞ സമയത്ത് ഡല്‍ഹിയില്‍ തെരുവുകളില്‍ കമ്പിളി പുതപ്പിന്റെ സാന്ത്വനവുമായി കേന്ദ്രമന്ത്രിയും ഭാര്യയും എത്തിയത്.ഡല്‍ഹി അതിശൈത്യത്തിന്റെ പിടിയിലാണ് ഇപ്പോള്‍. കഴിഞ്ഞ പത്തുദിവസമായി തുടരുന്ന കനത്ത തണുപ്പ് ഡല്‍ഹിയിലെ ജനജീവിതത്തെ ദുസഹമാക്കിയിരിക്കുകയാണ്. ഇത് മനസ്സിലാക്കിയാണ് മന്ത്രിയുടെ ഇടപെടല്‍.

Top