കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന നാടോടികളെ ചുറ്റി ശംഖുവരയന്‍ ;പിന്നീട് സംഭവിച്ചത്‌

പാനൂർ : ടൗണിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന നാടോടികളെ ചുറ്റിക്കിടന്ന ശംഖുവരയന്റെ കടിയേൽക്കാതെ രണ്ടുപേരെയും രക്ഷപ്പെടുത്തിയ നിധീഷ് ചാലോടിനും പൊലീസ്–അഗ്നിശമനസേനയ്ക്കും ബൈക്ക് യാത്രക്കാർക്കും നാടിന്റെ ബിഗ് സല്യൂട്ട്. കഴിഞ്ഞദിവസം രാത്രി 11.30ന് അതുവഴി കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രക്കാരാണ് ദൃശ്യം ആദ്യം കണ്ടത്. ഉടൻ പാനൂർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു.

എസ്ഐ രവീന്ദ്രന്റെ നേതൃത്വത്തിൽ പൊലീസെത്തിയെങ്കിലും പിണഞ്ഞു കിടക്കുന്ന പാമ്പിൽ നിന്നു മദ്യലഹരിയിലായിരുന്ന പുരുഷനെയും സ്ത്രീയെയും അപകടക്കെണിയിൽ നിന്ന് ഉണർത്തുക എളുപ്പമല്ലെന്ന് മനസ്സിലാക്കി അഗ്നിശമനസേനയുടെ സേവനം തേടി. ഫയർ ആൻഡ് റസ്ക്യൂ സേനയെത്തിയപ്പോൾ ദൗത്യം ദുഷ്കരമാണെന്നു വന്നതോടെ പാമ്പിനെ പിടിക്കുന്നതിൽ വിദഗ്ധനായ നിധീഷ് ചാലോടിനെ പാനൂരിലേക്ക് വിളിച്ചുവരുത്തി.

ഈ സമയം ശരീരത്തിൽ ഞെരുങ്ങിക്കിടന്ന പാമ്പ് രക്ഷപ്പെടാനുള്ള ശ്രമത്തിൽ പിടയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ നിധീഷ് പാമ്പിന്റെ തലഭാഗം തന്ത്രപരമായി നിയന്ത്രണത്തിലാക്കി. ഈ സമയത്ത് ബോധംകെട്ട് ഉറങ്ങുന്നവരെ ഉയർത്തിമാറ്റി പാമ്പിനെ സ്വതന്ത്രമാക്കി. എന്നാൽ നിധീഷിനു പിടികൊടുക്കാതെ പാമ്പ് ഓവുചാലിൽ ഇറങ്ങി രക്ഷപ്പെട്ടു.

അതേസമയം ഒരുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമൊന്നും ഉറങ്ങുകയായിരുന്ന നാടോടികൾ അറിഞ്ഞിരുന്നില്ല. ഇതുപോലെ ഒട്ടേറെ നാടോടികളാണ് രാത്രിയിൽ കടത്തിണ്ണയിൽ ഉറങ്ങുന്നത്.

Top