കര്‍ണാടകയില്‍ കുതിരക്കച്ചവടം; മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ‘അപ്രത്യക്ഷരായി’; ഗോവ മോഡല്‍ അട്ടിമറിക്ക് ഗവര്‍ണര്‍; ബിജെപി നേതാക്കള്‍ രാജ് ഭവനില്‍

കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമായിരിക്കെ കുതിരക്കച്ചവടവുമായി ബിജെപി. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാതായി. ജെഡിഎസിലെയും കോണ്‍ഗ്രസിലെയും ചില എംംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂറുമാറാന്‍ ബിജെപി മന്ത്രിപദം വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ എ.എല്‍. പാട്ടീല്‍ അറിയിച്ചു.

രാജ വെങ്കടപ്പ നായക, വെങ്കട റാവു നാഡഗൗഡ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്താത്തത്. യോഗത്തിലെ ഇരുവരുടെയും അസാന്നിദ്ധ്യത്തെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിട്ടുണ്ട്. അതേസമയം, ചാക്കിടല്‍ ശ്രമം ബിജെപി മറച്ചുവയ്ക്കുന്നുമില്ല. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലെ മൂന്ന് എംഎല്‍എമാരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നതും.

അതേസമയം ബിജെപി നേതാവ് യെദ്യൂരപ്പ രാജ്ഭവനിലെത്തി. ഗോവ മോഡല്‍ അട്ടിമറിക്ക് മോദിയുടെ അനുയായി കൂടിയായിരുന്ന ഗവര്‍ണര്‍ കൂട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് എത്തിയത് 58 എംഎല്‍എമാരാണ്. ബാക്കിയുള്ള എംഎല്‍എമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Top