കരിപ്പൂരിൽ പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കാണിച്ചു കൂട്ടിയത് ; മുട്ടൻപണി ചോദിച്ചു വാങ്ങി

കോഴിക്കോട്: പാസ്പോർട്ട് കാണാനില്ലെന്ന യുവതിയുടെ പരാതിയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറിലേറെ വൈകി. കഴിഞ്ഞ ദിവസം രാവിലെയാണ് തലശേരി സ്വദേശിനിയായ യുവതി വിമാനത്താവളത്തിലെ ജീവനക്കാരെയും വിമാനക്കമ്പനി ജീവനക്കാരെയും വട്ടംചുറ്റിച്ചത്.

യുവതിയുടെ പരാതിയെ തുടർന്ന് രാവിലെ 11.10ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറിലേറെ വിമാനത്താവളത്തിൽ നിർത്തിയിട്ടു. ഇതേ വിമാനത്തിൽ ഷാർജയിലേക്ക് പോകാനിരുന്ന യുവതി, തന്റെ പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് ബഹളം വച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എല്ലാ പരിശോധനകളും പൂർത്തിയാക്കി ബോർഡിംഗ് പാസും ലഭിച്ച യുവതി വിമാനത്തിൽ കയറിയതിന് ശേഷമാണ് പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞത്.

രാവിലെ 11.10ന് ഷാർജയിലേക്ക് പോകുന്ന വിമാനത്തിലാണ് തലശേരി സ്വദേശിനിയായ യുവതിയും യാത്ര ചെയ്യേണ്ടിയിരുന്നത്. എമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകൾ കഴിഞ്ഞ് വിമാനത്തിൽ കയറിയതിന് ശേഷമാണ് പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി ബഹളം വെച്ചത്. പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി ബഹളം വെച്ചതോടെ മറ്റു യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും തിരച്ചിൽ ആരംഭിച്ചു.

എത്ര തിരഞ്ഞിട്ടും പാസ്പോർട്ട് കിട്ടാതയതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനത്തിനുള്ളിലും ലഗേജ് കാബിനിലും വീണ്ടും പരിശോധന നടത്തി. ഒരു മണിക്കൂറിലേറെ തിരച്ചിൽ നടത്തിയിട്ടും പാസ്പോർട്ട് കിട്ടാതായതോടെ യുവതിയെ പുറത്താക്കി വിമാനം ഉച്ചയ്ക്ക് 12.15ഓടെ കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ടു. വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ ഹാൻഡ് ബാഗിൽ നിന്നും പാസ്പോർട്ട് കിട്ടിയത്. യാത്രക്കാരെയും വിമാനക്കമ്പനി ജീവനക്കാരെയും ഒരു മണിക്കൂറിലേറെ വലച്ച സംഭവത്തിന് ഇതോടെ തിരശ്ശീല വീണു.

പാസ്പോർട്ട് ലഭിച്ചെങ്കിലും, നടപടിക്രമങ്ങളുടെ ഭാഗമായി വിമാനം ഷാർജയിൽ എത്തുന്നത് വരെ യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. പിന്നീട് എമിഗ്രേഷൻ റദ്ദാക്കിയ ശേഷം ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി ബഹളം വച്ചതോടെ ഒരു മണിക്കൂറിലേറെയാണ് ഷാര്‍ജാ വിമാനം വൈകിയത്. യുവതിയുടെ അശ്രദ്ധ കാരണം വിമാനത്താവളത്തിലെ ജീവനക്കാരാണ് ശരിക്കും വലഞ്ഞത്.

Top