സരിതയുമായി ഒരു ബന്ധവുമില്ല… തെളിവുണ്ടെങ്കില്‍ അന്ന് ലഭിച്ചേനെ, വേണുഗോപാലിനു പറയാനുള്ളത്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചു.

സരിതാ എസ് നായര്‍ നല്‍കിയ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരേയെല്ലാം കേസെടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ സംഭവത്തില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍. അദ്ദേഹത്തിന്റെ പേരും കത്തില്‍ സരിത പരാമര്‍ശിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് നേരത്തേ തന്നെ സ്വമേധയാ ആവശ്യപ്പെട്ടിരുന്നതായി വേണുഗോപാല്‍ പറഞ്ഞു.

സോളാര്‍ കമ്മീഷന്റെ നടപടികളുടെ ഭാഗമായി തനിക്കു പറയാനുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷണസംഘത്തെ നേരത്തേ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തലേ ദിവസാണ് താന്‍ അടക്കമുള്ള ജനപ്രതിനിധികളെക്കുറിച്ച് സരിത മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷനു കൈമാറിയെന്നും അവര്‍ പറഞ്ഞിരുന്നു. അത്തരം തെളിവുണ്ടെങ്കില്‍ അതു പരസ്യമാക്കണമെന്നാവശ്യപ്പെട്ട് താന്‍ കമ്മീഷന് അന്നു കത്തു നല്‍കിയതായി വേണുഗോപാല്‍ പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായി പിന്നീട് തന്നെ വിസ്തരിച്ചപ്പോഴും തെളിവുകള്‍ പരസ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. സരിത അവകാശപ്പെടുന്നതുപോലെ അങ്ങനെയൊരു തെളിവുണ്ടായിരുന്നെങ്കില്‍ അത് നിയമാനുസൃതം നിങ്ങളെ അറിയിക്കുമായിരുന്നുവെന്നാണ് കമ്മീഷന്‍ അന്നു തന്നോട് പറഞ്ഞതായും വേണുഗോപാല്‍ വിശദീകരിച്ചു.

തനിക്കെതിരേ ഡിജിറ്റല്‍ തെളിവുകളടക്കം പക്കലുണ്ടെന്ന് ഒരു സ്വകാര്യ ചാനലിലൂടെ സരിത വീണ്ടും പറഞ്ഞപ്പോള്‍ എറണാകുളം സിജെഎം കോടതിയില്‍ ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് മാനനഷ്ടത്തിനു കേസ് നല്‍കിയതായും വേണുഗോാപാല്‍ വ്യക്തമാക്കി. സോളാര്‍ കേസിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സരിതയുമായി വ്യക്തിപരമായോ ഔദ്യേഗികമായോ ഒരു ബന്ധവുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

Top