കെവിനെ തട്ടിക്കൊണ്ട് പോയത് എഎസ്‌ഐക്ക് അറിയാമായിരുന്നു; കൈക്കൂലി വാങ്ങിയ എഎസ്‌ഐയെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെവിന്റെ തിരോധാനത്തില്‍ പൊലീസ് നടപടികളില്‍ മുമ്പുണ്ടാകാത്തവിധം വീഴ്ചവന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കേസിലെ മുഖ്യപ്രതിയില്‍ നിന്നാണ് ബിജുവടക്കം കോഴ വാങ്ങിയത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം. ബിജു, സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് 2000 കോഴ വാങ്ങിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്.

ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എഎസ്‌ഐ ടി.എം. ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് ബിജു കഴി!ഞ്ഞ ദിവസം മൊഴി കൊടുത്തത്.

കെവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ചു പരാതി ലഭിച്ചയുടനെ ബിജു നീനുവിന്റെ വീട്ടിലേക്കു വിളിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പരാതി നല്‍കിയവരുടെ പക്കല്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിക്കുകയായിരുന്നു. ഫോണ്‍ എടുത്തതു നീനുവിന്റെ പിതാവ് ചാക്കോയായിരുന്നു. ഫോണ്‍ വയ്ക്കുന്നതിനു മുമ്പ് ‘എല്ലാം കുഴപ്പമായി, പെട്ടെന്നു മാറണം’ എന്നു ചാക്കോ വീട്ടിലുള്ളവരോടു പറയുന്നത് എഎസ്‌ഐ ബിജു കേട്ടിരുന്നു.

ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാന്‍ സാനുവും സംഘവും വന്ന വണ്ടി പട്രോളിങ് വേളയില്‍ എഎസ്‌ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്‌പോര്‍ട്ടും പരിശോധിച്ചിരുന്നു. ഇതിലെ വിലാസവും രാവിലെ ഫോണ്‍ വിളിച്ച ചാക്കോയുടെ വിലാസവും ഒന്നാണെന്നു തിരിച്ചറിഞ്ഞെങ്കിലും ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പകരം പ്രതികളില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജുവിനും അജയകുമാറിനും ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തു.

Top