സ്വന്തം വിസര്‍ജ്യ വസ്തുക്കള്‍ പോലും അമേരിക്കയ്ക്ക് ഉപകരണമാകരുതെന്ന നിലപാടില്‍ കിം ജോംഗ് ;കക്കൂസും വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടുവന്നു

സിംഗപ്പൂര്‍: ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആ കൂടിക്കാഴ്ചയിലും സ്വന്തം നിഗൂഡതകള്‍ കൈവിടാതെ വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. ഒരിക്കല്‍ ഏറ്റവും വലിയ ശത്രുവായ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ചരിത്രപരമായ ഒരു കൂടിക്കാഴ്ച നടത്തി ലോകത്തിന്റെ ഭീതിക്ക് അല്‍പ്പം അയവ് വരുത്തിയെങ്കിലും അമേരിക്കന്‍ ചാരസംഘടന സിഐഎ യെ അങ്ങിനെ വിശ്വസിക്കാന്‍ വടക്കന്‍ കൊറിയന്‍ തലവന്‍ കിംജോംഗ് ഉന്‍ തയ്യാറല്ല. സ്വന്തം വിസര്‍ജ്യ വസ്തുക്കള്‍ പോലും അമേരിക്കയ്ക്ക് ഉപകരണമാകരുതെന്ന നിലപാടിലാണ്.

സിംഗപ്പൂരില്‍ നടക്കുന്ന അമേരിക്കന്‍-വടക്കന്‍കൊറിയ കൂടിക്കാഴ്ച ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിക്കുന്ന വന്‍ വാര്‍ത്തയാണെങ്കിലും സ്വന്തം സുരക്ഷാകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കിം തയ്യാറല്ല. കഴിക്കാനുള്ള ആഹാരം മുതല്‍ മലമുത്ര വിസര്‍ജ്യത്തിനുള്ള സംവിധാനം വരെ കിം നാട്ടില്‍ നിന്നും വരുത്തുകയായിരുന്നു. സിംഗപ്പൂര്‍ ഹോട്ടലില്‍ നടത്തുന്ന പ്രാഥമികകൃത്യങ്ങളുടെ അവശിഷ്ടം വരെ അമേരിക്ക പരീക്ഷണത്തിന് ഉപയോഗിക്കുമോ എന്ന് ഭയക്കുന്നതിനാല്‍ എല്ലാം നാട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകണമെന്ന് കിം ആഗ്രഹിക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടബിള്‍ ടോയ്‌ലറ്റാണ് കൊണ്ടുവന്നിട്ടുള്ളത്.

വിസര്‍ജ്ജ്യവസ്തുക്കള്‍ ശേഖരിച്ച് അമേരിക്ക തന്റെ ആരോഗ്യകാര്യങ്ങളില്‍ പഠനവും ഗവേഷണവും നടത്തുമോ എന്നാണ് കിം ഭയക്കുന്നത്. നേരത്തേ ആഹാരകാര്യത്തിനായി പ്രത്യേക റഫ്രജിറേറ്റര്‍ ട്രക്ക് കിം വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടുവന്നിരുന്നു. ചാംഗ് വിമാനത്താവളത്തിലെ കാര്‍ഗോ കൈകാര്യം ചെയ്തിരുന്ന സ്ഥാപനം കിമ്മിനുള്ള ആഹാരവസ്തുക്കള്‍ സൂക്ഷിക്കുന്ന റഫ്രജിറേറ്റര്‍ ട്രക്ക് പ്രത്യേക വിമാനത്തില്‍ വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടുവരികയും കിം താമസിക്കുന്ന സെന്റ് റെഗിസ് ഹോട്ടലില്‍ എത്തിക്കുകയും ചെയ്തിരുന്നു. കാപ്പെല്ല ഹോട്ടലിലാണ് കിം-ട്രംപ് കൂടിക്കാഴ്ച.

കഴിഞ്ഞ ദിവസം തന്നെ സിംഗപ്പൂരില്‍ എത്തിയ കിമ്മിന് വലിയ സുരക്ഷയാണ് നല്‍കുന്നത്. ഒരു തരത്തിലും രഹസ്യങ്ങള്‍ ചോര്‍ന്നു പോകരുതെന്ന് കിമ്മിന് നിര്‍ബ്ബന്ധമുള്ളതിനാല്‍ യാത്രപോലും അതീവരഹസ്യമായിരുന്നു. ഒരേ തരത്തിലുള്ള മൂന്നു വിമാനങ്ങളാണ് പ്യോങ്യോംഗില്‍ നിന്നും പുറപ്പെട്ടത്. ആദ്യം ബീജിംഗിലേക്കും അവിടെ നിന്നും എയര്‍ ചൈനയില്‍ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയുമായിരുന്നു. സിംഗപ്പൂരില്‍ ബുള്ളറ്റ്പ്രൂഫ് ലിമോസിന്‍ കാറിലാണ് യാത്ര ചെയ്തത്. പൂര്‍ണ്ണമായും മൂടിയ നിലയിലുള്ള ഇരുപത് കാറുകള്‍ക്കിടയിലായിരുന്നു കിമ്മിന്റെ കാര്‍. സുരക്ഷാഭടന്മാര്‍ക്കൊപ്പം ഓടുന്ന അംഗരക്ഷകരും ഉണ്ടായിരുന്നു.

മലമൂത്ര പരിശോധനകള്‍ ഒരാളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുമെന്നതിനാല്‍ അമേരിക്കയെ ഇക്കാര്യത്തില്‍ ഭയപ്പെടുന്ന ആദ്യ നേതാവല്ല കിം. മുമ്പ് അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ സോവ്യറ്റ് യൂണിയന്‍ പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവ് ഇങ്ങിനെയൊരു സുരക്ഷ എടുത്തിരുന്നു

Top