സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയില്ല ; എല്ലാം കുപ്രചരണങ്ങള്‍

റിയാദ്: സൗദിയില്‍ നടന്ന അപ്രതീക്ഷിത അറസ്റ്റുകള്‍ക്ക് പിറകേ സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അധികാരം മുഴുവന്‍ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് നല്‍കുന്നതിന്റെ തുടക്കമായിരുന്നു സൗദിയിലെ ശുദ്ധി കലശം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതെല്ലാം നിഷേധിക്കുകയാണ് സൗദി അറേബ്യ. സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയുകയില്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്ലൂംബെര്‍ഗ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആയിരുന്നു കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നയിഫിനെ ആ സ്ഥാനത്ത് നിന്ന് മാറ്റി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിഷ്ഠിച്ചത്. അതിന് ശേഷം സൗദി കണ്ടത് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങള്‍ ആയിരുന്നു. ഏറ്റവും ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായി സല്‍മാന്‍ രാജാവ് നിയമിച്ചത്. ഇതിന് ശേഷം രാജകുമാരന്‍മാര്‍ അടക്കം അഞ്ഞൂറോളം പേരാണ് അറസ്റ്റിലായത്.അധികാരം പൂര്‍ണമായും മുഹമ്മദ് ബിന്‍ സല്‍മാന് കൈമാറുന്നതിന്റെ മുന്നോടിയായിട്ടാണ് അദ്ദേഹത്തെ അഴിമതി വിരുദ്ധ സമിതിയുടെ തലവനാക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്ഥാനം ഏറ്റെടുത്തതിന് പിറകേ ലോകസമ്പന്നന്‍മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ അടക്കമുള്ള രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് മറ്റ് പല ചര്‍ച്ചകള്‍ക്കും വഴിവച്ചു.

രാജകുമാരന്‍മാര്‍ അടക്കം സൗദിയിലെ ഒരു കൂട്ടം പ്രമുഖരെ ആണ് ഒറ്റ ദിവസം കൊണ്ട് അറസ്റ്റ് ചെയ്തത്. അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരം ഒരു നടപടിഎന്ന രീതിയിലും ഇത് വിലയിരുത്തപ്പെട്ടു. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിലകൊള്ളുന്നവരാണ് അറസ്റ്റിലായത് എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ സല്‍മാന്‍ രാജാവ് മകന് വേണ്ടി അധികാരം ഒഴിയില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സൗദി അധികൃതരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആരോഗ്യം മോശമായാല്‍ പോലും രാജാവ് സ്ഥാനമൊഴിയുന്ന പതിവ് സൗദി അറേബ്യയില്‍ ഇല്ല. സല്‍മാന്‍ രാജാവിന് ഇപ്പോള്‍ 81 വയസ്സാണ് പ്രായം. ഇപ്പോള്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയും എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് വിശദീകരണം.

സൗദി രാജകുടുംബത്തിലെ കീഴ് വഴക്കങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ് രാജാവ് സ്ഥാനം ഒഴിയും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് വിശദീകരണം. മുന്‍ രാജാക്കന്‍മാരെല്ലാം മരിക്കും വരെ രാജാവായി തന്നെ തുടര്‍ന്നിരുന്നു എന്നതാണ് സത്യം. ഒരാളുടെ കാര്യത്തില്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായി സംഭവിച്ചിട്ടുള്ളൂ.

1964 ല്‍ ജീവിച്ചിരിക്കെ സ്ഥാനം ഒഴിഞ്ഞ സൗദ് ബിന്‍ അബ്ദുള്‍ അസീസ് രാജാവ് മാത്രമാണ് ഇക്കാര്യത്തില്‍ ഒരു അപവാദം. സഹോദരനും കിരീടാവകാശിയും ആയ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസിന് വേണ്ടിയായിരുന്നു സൗദി രാജാവ് സ്ഥാനം ഒഴിഞ്ഞത്. രാജകുടുംബത്തിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഫൈസല്‍ രാജാവ് പിന്നീട് അടുത്ത ബന്ധുവിനാല്‍ കൊല്ലപ്പെടുകയും ചെയ്തുഫഹദ് രാജാവിന്റെ കാര്യവും ഇക്കാര്യത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. 2005 ല്‍ മരിക്കും വരെ അദ്ദേഹം രാജാവായി തുടര്‍ന്നിരുന്നു. മാത്രമല്ല, അവസാന വര്‍ഷങ്ങളില്‍ അദ്ദേഹം പൂര്‍ണമായും രോഗബാധിതനും ആയിരുന്നു. 2015 ല്‍ അബ്ദുള്ള രാജാവിന്റെ മരണശേഷം ആണ് സല്‍മാന്‍ രാജാവ് അധികാരമേറ്റത് എന്ന കാര്യവും ശ്രദ്ധേയമാണ്.

സല്‍മാന്‍ രാജാവ് അധികാരം ഒഴിഞ്ഞില്ലെങ്കിലും അധികാരങ്ങള്‍ എല്ലാം ഏതാണ്ട് മുഹമ്മദ് ബിന്‍ സല്‍മാനില്‍ എത്തിക്കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ശുദ്ധീകരണത്തിന്റെ ഭാഗമായി അബ്ദുള്ള രാജാവിന്റെ മകന്‍ മൈതിബ് ബിന്‍ അബ്ദുള്ളയെ സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇത് കൂടാതെയാണ് അല്‍ വലീദ് അടക്കമുള്ള രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതും.

Top