കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായിട്ടില്ല; തന്റെ കവിതകളുടെ പ്രതിഫലം എട്ടുവയസുകാരിയുടെ കുടുംബത്തിന് നല്‍കണം-കെ.ആര്‍.ടോണി

കത്‌വയില്‍ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് തന്റെ കവിതകളുടെ മുഴുവന്‍ വരുമാനവും കൊടുക്കുമെന്ന് പ്രഖ്യാപിച്ച് കവി. കെ.ആര്‍ ടോണി. ഫേസ്ബുക്കില്‍ രവി ഡിസിക്കെഴുതിയ തുറന്ന കത്തിലാണ് ഇതുവരെ എഴുതിയ കവിതകളുടെയും ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന കവിതകളുടെയും റോയല്‍റ്റി പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

തന്റെ എല്ലാ പുസ്തകങ്ങളുടെയും എന്നെന്നേക്കുമായുള്ള പ്രതിഫലമെന്ന് കണക്കാക്കി 5 ലക്ഷം രൂപയെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന് കൊടുക്കാന്‍ സാധിക്കുമോയെന്നും മകളുടെ പ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലും വരെ തനിക്ക് ഉറക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

കവി കെ.ആർ. ടോണിയുടെ പോസ്റ്റ് ഇങ്ങനെ

പ്രിയ രവി ഡി.സി,
എന്റെ അന്ധകാണ്ഡം, ദൈവപ്പാതി ,ഓ ! നിഷാദാ! പ്ലമേനമ്മായി, യക്ഷിയും മറ്റും ,പ്രസിദ്ധീകരിക്കാൻ പോകുന്ന ഡ്രാക്കുളയും കുട്ടിച്ചാത്തനും എന്നീ കവിതാ സമാഹാരങ്ങളുടെയൊക്കെ പ്രസാധകർ നിങ്ങളാണല്ലോ? അതിന്റെയൊക്കെ ആജീവനാന്ത റോയൽറ്റി നിങ്ങൾക്ക് ഞാൻ outright ആയി വിൽക്കുന്നു ‘ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന എല്ലാറ്റിന്റെയും അവകാശം വിൽക്കുന്നു. ആയതിന്റെ പ്രതിഫലമായി എനിക്കു കിട്ടാവുന്ന അഞ്ചു ലക്ഷം രൂപയെങ്കിലും ജമ്മു കാശ്മീരിൽ കൊല ചെയ്യപെട്ട ആസിഫയുടെ കുടുംബാംഗങ്ങൾക്കു നൽകുക .എനിക്കു കിട്ടേണ്ടുന്ന റോയൽറ്റിയെല്ലാം കണക്കാക്കി 5 ലക്ഷം രൂപയെങ്കിലും അവർക്കു കൊടുക്കുക. എനിക്കിനി ജീവിക്കണ്ട. എന്റെ മോളുടെപ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലം വരെ എനിക്കുറക്കമില്ല. കൊന്നാലും എനിക്കുറക്കമില്ല.ബലാത്സംഗം എന്തെന്നു പോലും അറിയാത്ത കുഞ്ഞാണത്. ആ കുഞ്ഞിന്റെ വീട്ടുകാർക്കായി എന്റെ എല്ലാ പുസ്തകങ്ങളുടെയും എന്നെന്നേക്കുമായുള്ള പ്രതിഫലമായി 5 ലക്ഷം രൂപയെങ്കിലും നിങ്ങൾക്ക് ഉടനെ കൊടുക്കുവാനാകുമോ? ഞാനിത്രയും കാലം കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചില്ലേ? പിന്നെന്തിനാണ് കവിത .എനിക്ക് നെഞ്ചിൽ ഒരസ്വാസ്ഥ്യം രവി. രവിക്ക് എന്നേക്കാൾ പ്രായം കുറവാണ്. എന്റെ വാക്കു കേൾക്കുക എന്നിക്കിനി കവിത വേണ്ട ജിവിക്കാനർഹരല്ല നാം. ഒരു ചെറു പ്രായശ്ചിത്തം എന്ന നിലയിലെങ്കിലും ഞാൻ പറഞ്ഞതു ചെയ്യുക — സസ്നേഹം— കെ.ആർ. ടോണി

പ്രിയ രവി ഡി.സി,എന്റെ അന്ധകാണ്ഡം, ദൈവപ്പാതി ,ഓ ! നിഷാദാ! പ്ലമേനമ്മായി, യക്ഷിയും മറ്റും ,പ്രസിദ്ധീകരിക്കാൻ പോകുന്ന…

Posted by K.r. Tony on Saturday, April 14, 2018

Top