ആന്തരാവയങ്ങളില്‍ വെള്ളം കയറി രണ്ടു ദിവസം കൊണ്ട് പുഴുനിറഞ്ഞു.; ഇടുക്കിയെ നടുക്കിയ മധ്യവയസ്‌കന്റെ മരണം ക്രൂരമായ കൊലപാതകം

ഇടുക്കി അടിമാലിയെ നടുക്കിയ മധ്യവയസ്‌കന്റെ മരണം ക്രൂരമായ കൊലപാതകം. കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മൃതദേഹത്തില്‍ 27 മുറിവുകള്‍. വെട്ടിയും കുത്തിയുമാണു കൊലപ്പെടുത്തിയതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. അടിമാലിയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന കുഞ്ഞന്‍പിള്ള വെള്ളിയാഴ്ച ജോലിക്കെത്തിയിരുന്നതായി സ്ഥാപന ഉടമ പോലീസിനോടു പറഞ്ഞു.

ശനിയാഴ്ച രാവിലെ ഏഴരയോടെ വീട്ടില്‍നിന്ന് ഇറങ്ങിയതായി ഒപ്പം താമസിച്ചിരുന്ന ഇളയ മകന്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്ഥിരമായി കുഞ്ഞന്‍പിള്ളയുടെ വീട്ടില്‍ വഴക്കുണ്ടായിരുന്നതായും ഭാര്യയും മൂത്ത മകനും കുടുംബവും സമീപത്തെ മറ്റൊരു വീട്ടിലാണ് ഏതാനും മാസങ്ങളായി താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇളയ മകന്‍ ഏതാനും നാളുകള്‍ക്കു മുന്‍പ് പീഡന കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ സ്ഥലത്തില്ലാത്ത സന്ദര്‍ഭത്തില്‍ വസ്തു വീതം വച്ചതും കുടുംബ വഴക്കിനു കാരണമായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെ ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിച്ചു വരുത്തിയിരുന്ന ഭാര്യയെയും മക്കളെയും സംസ്‌കാര ചടങ്ങുകള്‍ക്കായി ഇന്നലെ വിട്ടയച്ചു. പഞ്ചായത്തിലെ 14-ാം മൈല്‍ തുമ്പിപ്പാറയ്ക്കു സമീപം താമസിക്കുന്ന കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ള(57)യുടെ മൃതദേഹമാണു ഞായറാഴ്ച ഒരു കിലോമീറ്റര്‍ അകലെയുള്ള വായ്ക്കലാംകണ്ടം എന്ന സ്ഥലത്ത് മറ്റൊരാളുടെ കൃഷിയിടത്തില്‍ കണ്ടെത്തിയത്.

സ്വീറ്റി എന്ന പോലീസ് നായയുടെ സഹായത്തോടെ ഇന്നലെ സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കണ്ട സ്ഥലത്തു തന്നെയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണു പോലീസ്. ശക്തമായ മഴയില്‍ മുറിവുകളിലൂടെ ആന്തരാവയങ്ങളില്‍ വെള്ളം കയറി രണ്ടു ദിവസം കൊണ്ട് തന്നെ മൃതദേഹം അഴുകി പുഴുനിറഞ്ഞ നിലയിലായിരുന്നു.

ഇന്നലെ വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത് ലഭിച്ച മൃതദേഹം രാത്രിയോടെ സംസ്‌കരിച്ചു. ഇന്ന് ആലപ്പുഴയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തും. ദിവസവും ജോലിക്ക് പോകുന്ന വഴിയോടു ചേര്‍ന്നുള്ള വിജനമായ കൃഷിയിടത്തിലാണ് കമിഴ്ന്നു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള പാറയുടെ മുകളില്‍നിന്നു തെന്നി വീണെന്നായിരുന്നു പോലീസിന്റെ ആദ്യ വിലയിരുത്തല്‍.

വിശദമായ പരിശോധനയിലാണ് അരുംകൊലയാണു നടന്നതെന്നു വ്യക്തമായത്. പിന്നില്‍നിന്നും പൊടുന്നനെയുണ്ടായ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു സൂചന. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള വെട്ടിലും കുത്തിലുമായി ആഴത്തിലുള്ള ഇരുപത് മുറിവുകളുണ്ട്.

കൂടാതെ നിലത്ത് ഉരഞ്ഞ നിലയിലാണ് ബാക്കിയുള്ള മുറിപ്പാടുകള്‍. കഴുത്തിലേറ്റ ശക്തമായ വെട്ട് മൂലം ശിരസ് മുറിഞ്ഞു തൂങ്ങാറായ നിലയിലായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍, ഡിെവെ.എസ്.പി: എസ്. അഭിലാഷ്, സി.ഐ: പി.കെ. സാബു, എസ്.ഐ: അബ്ദുള്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

Top