മാഡത്തിനെതിരെ പരാതി വന്നിട്ടുണ്ട്, ഈ പ്രോഗ്രാം നിങ്ങള്‍ ചെയ്യുന്നില്ല; ക്ഷുഭിതയായ ലക്ഷ്മി രാമകൃഷ്ണന്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി

കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന ചാനല്‍ പരിപാടിയാണ് സൊല്‍വതെല്ലാം ഉണ്‍മൈ. ഈ പരിപാടിയുടെ അവതാരിക ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയവയില്‍ അഭിനയിച്ച ലക്ഷ്മി രാമകൃഷ്ണനാണ്. വര്‍ഷങ്ങളായി ഈ പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്. ഇത്തരം പരിപാടികളില്‍ മദ്ധ്യസ്ഥത വഹിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് അവതാരകരുടെ ജോലി.

ഇപ്പോള്‍ താരം ആ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയിരിക്കുകയാണ്. ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ട് ക്ഷുഭിതയായ നടി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങള്‍ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെയാണ് ലക്ഷ്മി പുറത്തേക്ക് പോയത്.

ഷോയുടെ 1500ാം എപ്പിസോഡില്‍ പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരിക്കുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ 1500ാം എപ്പിസോഡ് ഷൂട്ട് ചെയ്തില്ലെന്നും ഷോയില്‍ നിന്ന് പുറത്ത് പോയെന്നും ലക്ഷ്മി പിന്നീട് ട്വീറ്റ് ചെയ്തു.ലക്ഷ്മി ചെയ്തത് മോശമായിപ്പോയെന്നും ഷോയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയ്ക്കും അധപതിക്കാമോ എന്ന തരത്തിലും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഇതിന് മറുപടിയായി ലക്ഷ്മി രംഗത്തെത്തി.നിങ്ങളെന്നെ വിശ്വസിക്കൂ, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല, നിങ്ങളില്‍ എത്ര പേര്‍ എനിക്കെതിരെ ശബ്ദമുയര്‍ത്തുമെന്ന് അറിയില്ല.

കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുവെന്ന പേരില്‍ വ്യക്തികളുടെ സ്വകാര്യ വിഷയങ്ങളെ ചാനലിലൂടെ അവതരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മലയാളം, തമിഴ്, കന്നട, തെലുങ്ക് ചാനലുകളില്‍ ഇത്തരം പരിപാടികള്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്. മുതിര്‍ന്ന സിനിമാ നടിമാരാണ് ഇത്തരം പരിപാടികളുടെ അവതാരകമാരായെത്തുന്നത്.

Top