സര്‍ക്കാര്‍ മുട്ടുമടക്കി: കര്‍ഷക സമരം പിന്‍വലിച്ചു

മുംബൈ: കർഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന കര്‍ഷക സമരം പിന്‍വലിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രക്ഷോഭകരുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരിക്കുന്നത്.

സമരത്തിന്റെ രൂക്ഷത ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് തയ്യാറായത്. 12 അംഗങ്ങള്‍ അടങ്ങുന്ന കര്‍ഷക നേതാക്കളും ആറ് സര്‍ക്കാര്‍ പ്രതിനിധികളുമാണ് ചര്‍ച്ച നടത്തിയത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെ നിയോഗിക്കുന്നതിന് തീരുമാനിച്ചു. കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കും.

നാസികിൽ നിന്നും 180 കിലോമീറ്ററോളം കാൽനടയായി എത്തിയാണ് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാൻ എത്തിയത്.

Top