മാമുക്കോയക്കു നേരേ രൂക്ഷമായ പ്രതികരണം, സമുദായത്തിൽ നിന്നും ട്രോൾ പൂരം, ശകാരം

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല…ഇത് മാമുക്കോയ അറിയാതെ പറഞ്ഞതോ..ചിന്തിക്കാതെ തുറന്നടിച്ചതോ? മാമുക്കോയയേ പോലെ സമുദായവും മറ്റും നന്നായി ബഹുമാനിക്കുന്ന ഒരാൾ ഇങ്ങിനെ വാകുകൾ കൊണ്ട് തീമഴ പെയ്യിച്ചത് വിശ്വസിക്കാൻ പലർക്കും ആകുന്നില്ല. ഇസ്ളാമിന്റെ ചില പാരമ്പര്യ ശീലങ്ങളിലേക്കും വിമർശിച്ച് വിമർശിച്ച് കാടുകയറി മാമുക്കോയ പോയതാണ്‌ ഇപ്പോൾ വിഷയം ആയത്.

മാമുക്കോയ..പേരിലും. വേഷത്തിലും എല്ലാം അസൽ കോയ തന്നെ.ആ കോയ ജീവിത ശീലം തുറന്നുകാട്ടിയാണ്‌ കേരളത്തേ അഭിനയത്തിലും വാക്കിലും ത്രസിപ്പിച്ചത്. മാമുക്കോയയിൽ നിന്നും ഇപ്പോൾ ഇതാ കോയ എടുത്തുമാറ്റാനാണ്‌ ആക്രോശം.

മാമുക്കോയ പറഞ്ഞത് അല്പ്പം കൂടി പോയോ?സമുദായത്തേ ചൊടിപ്പിച്ച മാമുക്കോയയുടെ വാക്കുകളിലേക്ക് ഒന്നു കൂടി പോകാം.

“””ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞു നടന്നവരൊക്കെ ഇന്ന് ഐക്യത്തെപ്പറ്റി പറഞ്ഞുതുടങ്ങിയിരിക്കുന്നു. കാരണം തലപോകുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. മുന്‍പ് വര്‍ഗ്ഗീയത പാടില്ല, ജാതിയും മതവും പാടില്ല, ഐക്യം വേണം എന്നൊക്കെ പറഞ്ഞു നാടകം കളിച്ച ഞങ്ങളെ എതിര്‍ത്ത ആളുകള്‍ ഇന്നു സ്റ്റേജില്‍ ഐക്യത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നത്. നബിവചനങ്ങളും ശ്രീനാരായണഗുരുവിനേയും ഒക്കെ ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ആര്‍ക്കും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത കാലമാണ്. എനിക്കു പറയാനുള്ളതു നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങളെന്നെ വകവരുത്തുകയാണ്. ചേകന്നൂര്‍ മൗലവിയെ ഒക്കെ കൊന്നത് അങ്ങനെയാണ്. അദ്ദേഹം ആരെയെങ്കിലും ഉപദ്രവിച്ചിട്ടാണോ, കൊന്നിട്ടാണോ, ഒന്നുമല്ല. അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ചു. അതിനെ എതിര്‍ക്കേണ്ടത് ആശയം കൊണ്ടാണ്. അതേസമയം അയാളെ ഇല്ലാതാക്കുകയാണ് ചെയ്തത്. എന്താണ് അതിന്റെ അര്‍ത്ഥം. അതൊരു തോല്‍വിയാണ്. അതിനെക്കാള്‍ ശക്തമായ രീതിയിലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ ഉള്ളിലുള്ള അഭിപ്രായം പറയാന്‍ പറ്റില്ല. അങ്ങനെ പറഞ്ഞതിനാണ് നിലമ്പൂര്‍ അയിഷയും വി.പി. സുഹറയുമൊക്കെ കുടുംബത്തിനകത്തും സമുദായത്തിലും ഒരുപാട് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. അത് എക്കാലത്തും ഉണ്ടാകും. നമ്മള്‍ പറയുന്നതിന്റെ പത്തിരട്ടി ആളുകള്‍ അതിന് എതിരുണ്ടാകും. ഇവിടെ മുഹമ്മദ് നബിയുടെ മുടി എന്നു പറഞ്ഞുനടക്കുന്നതിന്റെ പിന്നില്‍ ഒരുപാട് ആളുകളുണ്ട്. മുടി മുക്കിയ വെള്ളം കുടിച്ചാല്‍ രോഗം മാറും എന്നാണ് പറയുന്നത്. അതിനെ കൊണ്ടുനടക്കുന്ന ആളിന്റെ പത്തിലൊന്നില്ല അതിനെ എതിര്‍ക്കുന്ന ആളുകള്‍. അവിടെ ആരാണ് ജയിക്കുന്നത്. അവിടെ നോക്കേണ്ടതു ജയവും പരാജയവുമല്ല. എന്റെ അഭിപ്രായം ഞാന്‍ പറയണം. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ. പാടില്ല എന്നുള്ളത് ആരാണ് തീരുമാനിക്കുന്നത്. ചിലതൊക്കെ ഹറാമാണ്, ഹലാലാണ് എന്നൊക്കെ നിശ്ചയിക്കുന്നത് ആരാണ്. പണ്ടുകാലത്ത് മൈക്ക് ഉപയോഗിക്കുന്നത് ഹറാമായിരുന്നു. ഇപ്പോഴും ഇതു പാടില്ല എന്നു പറയുന്ന ആളുകളുണ്ട്. ഫോട്ടോ എടുക്കല്‍ ഹറാമായിരുന്നു. അങ്ങനെ ഒരുപാട് ഹറാമുകളുണ്ടായിരുന്നു. ഓട്ടോമാറ്റിക് ആയി പലതും ഹലാലായി. ഹജ്ജിനു പോണെങ്കില്‍ പാസ്‌പോര്‍ട്ട് വേണം. പാസ്‌പോര്‍ട്ട് ആരുടേതാണോ അയാളുടെ ഫോട്ടോ വേണം എന്നു നിയമം വന്നു. അങ്ങനെ ആ ഹറാമു പോയി. ഇപ്പോള്‍ വലിയ വലിയ തങ്ങള്‍മാരൊക്കെ മേക്കപ്പൊക്കെ ചെയ്തിട്ടാണ് ടി.വിയില്‍ വന്നിരിക്കുന്നത്. അതു തെറ്റല്ല. നമ്മുടെ ഉമ്മയും ബാപ്പയുമൊക്ക പഴയകാലത്തെ ആളുകളാണ്. ഇവര് പറയുന്നതൊക്കെ കേട്ടു വിശ്വസിച്ച് അതാണ് ശരിയെന്നു വിചാരിച്ചു നടക്കുകയാണ്. ശരിയും തെറ്റും ഏതാണെന്ന് ആദ്യം എനിക്കു മനസ്സിലാകണം. അതിനനുസരിച്ച് എന്റെ മക്കളെ പഠിപ്പിക്കണം. അവര്‍ക്കും ഉണ്ടാകും ശരിയും തെറ്റും. അവരു തീരുമാനിക്കുന്നതായിരിക്കണം ഈ രാജ്യത്തിന്റെ മുദ്രാവാക്യം. അല്ലാതെ കണ്ട അലവലാതികള്‍ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യത്തിനു സിന്ദാബാദ് വിളിക്കാനുള്ള കരുക്കളാകരുത് നമ്മുടെ മക്കള്‍.””

എന്തായാലും മാമുക്കോയയിൽനിന്നും കോയയേ വെട്ടിമാറ്റാനാണ്‌ വൻ ആക്രോശം.

Top