കാലിന്റെ മാംസത്തിനിടയില്‍ പാമ്പിന്റെ പല്ല് കുടുങ്ങി; കാലില്‍ ചുറ്റിപ്പിടിച്ച പാമ്പുമായി നട്ടംതിരിഞ്ഞ് കര്‍ഷകന്‍

പാറ്റ്‌ന: കടിച്ച പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റികിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബീഹാറിലെ മധേപുരയിലാണ് സംഭവം നടന്നത്. കര്‍ഷകനെ കടിച്ച പാമ്പിന്റെ പല്ല് കാലിലെ മാംസത്തിനിടയില്‍ കുടുങ്ങിയതാണ് പാമ്പ് കാലില്‍ ചുറ്റിപിടിച്ചു കിടക്കുവാന്‍ കാരണമായത്.

പാടത്ത്‌ കൃഷി ചെയ്തുകൊണ്ടിരുന്നതിനിടെയാണ് മധേപുര സ്വദേശിയായ കര്‍ഷകന്റെ ഇടതുകാലില്‍ പാമ്പ് കടിച്ചത്. കുടഞ്ഞെറിയാന്‍ ശ്രമിച്ചപ്പോഴാണ് മനസ്സിലായത് മാംസത്തില്‍ പല്ല് കുടുങ്ങി പാമ്പ് അകപ്പെട്ടിരിക്കുകയാണെന്ന്. രക്ഷപ്പെടാന്‍ പാമ്പും ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു.

ആദ്യം പരിഭ്രാന്തനായെങ്കിലും കര്‍ഷകന്‍ മെല്ലെ സംയമനം വീണ്ടെടുത്തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അങ്ങനെയാണ് ഗത്യന്തരമില്ലാതെ പാമ്പിനെയും കാലില്‍ ചുമന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ സഹായത്തോടെ പാമ്പിനെ കാലില്‍ നിന്ന് വേര്‍പ്പെടുത്തി.

അപൂര്‍വയിനത്തില്‍പെട്ട ഈ പാമ്പിന് വിഷമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് കര്‍ഷകന് ആശ്വാസമായത്.

Top