മഞ്ജു വാരിയർ സാക്ഷിയായേക്കും; ദിലീപിനെതിരെ 5000 പേജുള്ള കുറ്റപത്രം

നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരെ സാക്ഷിയാക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ തുടരന്വേഷണം ആവശ്യപ്പെടുന്ന അനുബന്ധ കുറ്റപത്രം ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും അന്വേഷണസംഘം മുന്നോട്ടുവയ്ക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ സുനിയെ ഒന്നാംപ്രതിയാക്കി ഏപ്രിൽ 18ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ എട്ടാം പ്രതിയായ ദിലീപ്, ഗൂഢാലോചന സംബന്ധിച്ച അനുബന്ധ കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ്.

നടി ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ആദ്യമായി ആരോപിച്ചത് മഞ്ജുവാര്യരാണ്. ഇതേത്തുടർന്നാണ് അവരെ സാക്ഷിയാക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. നടിക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കാനായി സിനിമാപ്രവർത്തകർ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യർ ആരോപിച്ചത്. ഇതിനു പിന്നിലെ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ് സാക്ഷിയാക്കാൻ തീരുമാനിച്ചത്. കേസിൽ ആകെ 347 സാക്ഷികളുണ്ട്.

 നിർണായകമായേക്കാവുന്ന നാനൂറിലധികം തെളിവുകൾ

കോടതിയിൽ നൽകിയ മൊഴികൾ, സാക്ഷിമൊഴികൾ, ഫോൺ രേഖകൾ തുടങ്ങിയവ കുറ്റപത്രത്തിന്റെ ഭാഗമാണ്. നാനൂറിലധികം തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലൊക്കേഷനിലെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, നിർണായകമായ മൊബൈൽഫോണും മെമ്മറി കാർഡും കണ്ടെടുക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനാലാണ് തുടരന്വേഷണ സാധ്യതകൾ നിലനിർത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത്.

അനുബന്ധ കുറ്റപത്രം മജിസ്ട്രേറ്റു കോടതിയിൽ സമർപ്പിച്ചാൽ ജാമ്യത്തിലുള്ള പ്രതികൾക്ക് സമൻസ് അയയ്ക്കും. ‍ജുഡീഷ്യൽ കസ്റ്റഡിയിലുള്ളവർക്ക് പ്രൊഡക്ഷൻ വാറണ്ട് നൽകും. ഇവർ കോടതിയിൽ ഹാജരായതിനുശേഷം കുറ്റപത്രത്തിന്റെ പകർപ്പ് നൽകും. കുറ്റപത്രത്തിന് അയ്യായിരത്തിലേറെ പേജുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തെ ഞെട്ടിച്ച ആക്രമണം

ഫെബ്രുവരി 17 രാത്രിയിലാണ് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തിയശേഷം അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ആക്രമിക്കുന്നത്. നടിയെ ആക്രമിച്ച് വിഡിയോയും ചിത്രങ്ങളും പകർത്തിയ സംഘം പിന്നീട് രക്ഷപ്പെട്ടു. സംവിധായൻ ലാലിന്റെ വീട്ടിൽ അഭയം തേടിയ നടി പിന്നീട് പൊലീസിൽ പരാതി നൽകി. നടിയുടെ ഡ്രൈവർ മാർട്ടിൻ ആന്റണി അന്നുതന്നെ പൊലീസ് പിടിയിലായിരുന്നു. ഐജി ദിനേന്ദ്ര കശ്യപിനായിരുന്നു അന്വേഷണച്ചുമതല.

നടിയെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയ സുനിൽകുമാറിനെ(പൾസർ സുനി) ഫെബ്രുവരി 23ന് പൊലീസ് അറസ്റ്റു ചെയ്തു. ആദ്യകുറ്റപത്രം ഏപ്രിൽ 18ന് കോടതിയിൽ സമർപ്പിച്ചു. സുനിൽകുമാറായിരുന്നു ഒന്നാംപ്രതി. മാർട്ടിൻ ആന്റണി രണ്ടാംപ്രതിയും ആലപ്പുഴ സ്വദേശി വടിവാൾ സലിം മൂന്നാം പ്രതിയും.

ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നു കുറ്റപത്രത്തിൽ ആവശ്യപ്പെട്ട അന്വേഷണ സംഘം ജൂലൈ പത്തിന് നടൻ ദിലീപിനെ അറസ്റ്റു ചെയ്തു. ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ച സാഹചര്യത്തിൽകൂടിയാണ് അനുബന്ധ കുറ്റപത്രം നൽകുന്നത്.

Top