തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും…വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും; ഓർമ പങ്കുവെച്ച് മഞ്ജു വാര്യർ

ആരും ആഗ്രഹിക്കുന്ന മരണമാണ് നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദിന്റെത് എന്ന് നടി മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസം അന്തരിച്ച കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്‍ ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന്റേതെന്ന് താരം വ്യക്തമാക്കിയത്.

മഞ്ജു വാര്യറുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നില്‍ക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടന്‍ ചേട്ടനും, ഗീതാനന്ദന്‍ മാഷിനും ലഭിച്ച ഭാഗ്യം. ‘ഈ പുഴയും കടന്നി’ ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്.

ഏറ്റവും ഒടുവില്‍ ‘ആമി’ യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റില്‍ തന്നെ കാണും. തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്‌നേഹം മാത്രം വിളമ്ബിയിരുന്ന ഒരു മനുഷ്യന്‍. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട….

ഫഹദ് നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശന്റെ’ ലൊക്കേഷനില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് 5.55 ന് മരണം സംഭവിച്ചു.

Top