മീശ നിരോധിക്കില്ല, ഇതെന്ത് സംസ്കാരം- സുപ്രീം കോടതി

ന്യൂഡല്‍ഹി: എസ്. ഹരീഷിന്റെമീശ നോവൽ എന്തിനു നിരോധിക്കണം എന്നും നിരോധിക്കണം എന്നു പറയുന്നത് എന്ത് സംസ്കാരം ആണെന്നും സുപ്രീം കോടതി.വിവാദമായ ചില ഭാഗങ്ങള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമല്ലേയെന്ന് സുപ്രീംകോടതി. വിവാദങ്ങളുടെ പേരില്‍ നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ല. ടീനേജ് കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് സാധ്യമല്ലേയെന്നും കോടതി ചോദിച്ചു. നോവല്‍  പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ പരാമര്‍ശം നടത്തിയത്.

ഐപിസി 292 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ആകൂ. എന്നാല്‍ ഭാവനപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രണ്ടു പാരഗ്രാഫുകളുടെ പേരിലാണ് വിവാദമെന്ന് കേരള സർക്കാർ ബോധിപ്പിച്ചു. അതില്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറം ഹര്‍ജിയില്‍ മുഴുവന്‍ രാഷ്ട്രീയം തിരുകി കയറ്റിയിരിക്കുകയാണ്. രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ ഇപ്പോള്‍ കോടതി ഇടപെടരുതെന്നും കേരളം ആവശ്യപ്പെട്ടു.

രണ്ടു പാരഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടി നോവല്‍ തന്നെ ചവറ്റുകൊട്ടയിലേക്ക് എറിയാനാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇതെല്ലാം വിഷയമാക്കേണ്ടതുണ്ടോ എന്നായിരുന്നു ബഞ്ചിലുള്ള ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും നോവല്‍ നിരോധിക്കുന്നതിനെ എതിര്‍ത്തു. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിരുദ്ധമെന്നാണ്  കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിനെയും കേരളം, ഡല്‍ഹി എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളെയും മാതൃഭൂമി ആഴ്ചപ്പതിപ്പിനെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

 

Top