ഹെല്‍മറ്റില്ല, റോയല്‍ എന്‍ഫീല്‍ഡില്‍ നമ്പറിനു പകരം ‘ഓം നമ ശിവായ’..: പോലീസ് തടഞ്ഞതോടെ പാല്‍ക്കാരന്റെ കടുംകൈ പ്രയോഗം, സംഭവം വൈറല്‍

ഗുരുഗ്രാം: ഹെല്‍മറ്റും നമ്പര്‍ പ്ലേറ്റുമില്ലാതെ റോയല്‍ എന്‍ഫീല്‍ഡില്‍ പറന്ന പാല്‍ വില്‍പ്പനക്കാരനെ പോലീസ് പൊക്കിയതോടെ കടുംകൈ പ്രയോഗം. ഹരിയാനയിലെ ഗുരുഗ്രാമില്‍ ചൊവ്വാഴ്ചയാണ് സംഭവം. വാഹനത്തിന്റെ രേഖകള്‍ ചോദിച്ച പോലീസുകാരന്റെ മുന്നില്‍വെച്ച് പാല്‍ വില്‍പ്പനക്കാരന്‍ തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് അഗ്നിക്കിരയാക്കുകയായിരുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ പിറകില്‍ രണ്ട് വലിയ പാത്രം നിറയെ പാല്‍ കെട്ടിവെച്ചിരുന്നു. ഹെല്‍മറ്റ് ഇയാള്‍ വെച്ചിരുന്നില്ല. നമ്പര്‍ പ്ലേറ്റിനു പകരം ഓം നമ ശിവായ.. എന്നാണ് എഴുതിയിരുന്നത്. ടീഷര്‍ട്ട് ധരിച്ച് കറുത്ത ഷാള്‍ കഴുത്തില്‍ ചുറ്റി എന്‍ഫീല്‍ഡില്‍ പറന്നു വന്നപ്പോഴാണ് പോലീസ് പൊക്കുന്നത്. പിഴ അടപ്പിക്കാനായി പോലീസ് തടഞ്ഞതോടെ ഇയാള്‍ തട്ടിക്കയറുകയായിരുന്നു. വഴിയാത്രക്കാരും കടക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് ഇയാള്‍ പോലീസിനു മുന്നില്‍വെച്ച് ബുള്ളറ്റിന് തീയിട്ടത്. മറ്റു ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ പരിഭ്രാന്തി പരത്തിയ സംഭവം വൈറലാകുകയും ചെയ്തു.

ഇന്ധന പൈപ്പ് ഊരിയാണ് പ്രതി ബൈക്കിന് തീയിട്ടത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. പ്രതി മോഷ്ടിച്ച ബൈക്കാണോ ഇതെന്നും പോലീസ് സംശയിക്കുന്നു. ഗുരുഗ്രാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top