കായംകുളം എംഎല്‍എ വിവാഹ മോചനം തേടി കുടുംബക്കോടതിയില്‍

ആലപ്പുഴ: കായംകുളം എംഎല്‍എ പ്രതിഭഹരി വിവാഹ മോചനം തേടി ആലപ്പുഴ കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കി. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്നും വിവാഹമോചനം തേടിയാണ് എം എല്‍എ കുടുംബക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇന്ന് കൗണ്‍സിലിങ് നടത്തി എങ്കിലും പരാജയപ്പെട്ടു. പത്ത് വര്‍ഷക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നതും ഉള്‍പ്പടെയുള്ള പരാതികളാണ് പ്രതിഭ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ മകനെ വിട്ടു നല്‍കി കൊണ്ടു വിവാഹമോചനം അനുവദിക്കണം എന്ന് എംഎല്‍എ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നു നടന്ന കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരിയും പങ്കെടുത്തു എങ്കിലും പരാജയപ്പെടുകയായിരുന്നു. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടക്കും. ഇതിന്റെ മുന്നോടിയായി ഫേസ്ബുക്ക് അക്കൗണ്ടിലെ പേരും അഡ്വ.യു പ്രതിഭ എം.എല്‍.എ എന്നാക്കി ചുരുക്കിയിട്ടുണ്ട്. മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പ്രതിഭാഹരി കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. ഇതേ നാട്ടുകാരനാണ് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹരി. പ്രതിഭ മുമ്പ് തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.കെ സദാശിവന് പകരക്കാരിയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭാംഗമായത്.

Top