ദുബായിൽ മലയാളിയുടെ കടയിൽ പാക് സ്വദേശികളുടെ തട്ടിപ്പ്; 57,000 ദിർഹത്തിന്റെ ഫോൺ നഷ്ടമായി

ദുബായ് : മലയാളിയുടെ കടയിലെ മൊബൈൽ ഫോൺ വിഭാഗം നടത്താൻ താത്പര്യപ്പെട്ട് എത്തിയ രണ്ട് പാക്കിസ്ഥാനികൾ ഹൈദരാബാദ് സ്വദേശിയെ പറ്റിച്ച് 57,000 ദിർഹം വിലമതിക്കുന്ന മൊബൈൽ ഫോണുകളുമായി മുങ്ങി. ഹൈദരാബാദ് സ്വദേശി ഇതുസംബന്ധമായി നായിഫ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയുടെ ദെയ്റ നായിഫിലെ മൊബൈൽ ഫോൺ– ലാപ് ടോപ് മെയിന്റനൻസ് കടയിലെ മൊബൈൽ ഫോൺ വിഭാഗം നടത്താൻ താത്പര്യമുണ്ടെന്ന് പറഞ്ഞായിരുന്നു ചെറുപ്പക്കാരായ രണ്ട് പാക്കിസ്ഥാനികൾ എത്തിയത്. മറ്റാരോ പറഞ്ഞതനുസരിച്ചാണ് തങ്ങളെത്തിയതെന്ന് പറഞ്ഞ് വന്ന ഇരുവരും നല്ല പെരുമാറ്റം കൊണ്ട് എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റി. കട തങ്ങൾക്ക് ഇഷ്ടമായെന്നും രണ്ട് ദിവസം കടയിലിരുന്ന് കച്ചവടം എങ്ങനെയുണ്ടെന്ന് നോക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് കടയിലിരുന്ന് കൊണ്ട് തന്നെ ഇരുവരും ഹൈദരാബാദ് സ്വദേശിയെ കടയിലേയ്ക്ക് വിളിച്ച് 40,000 ദിർഹമിന്റെ പുത്തൻ മൊബൈൽ ഫോണുകൾക്ക് ഒാർഡർ നൽകി. ഹൈദരാബാദി കടയിലേയ്ക്ക് ഫോണുകൾ എത്തിച്ചപ്പോൾ, അവിടെ നിന്ന് തന്നെ പണം എണ്ണി നൽകുകയും ചെയ്തു. അടുത്ത ദിവസം വീണ്ടും 57,000 ദിർഹമിന്റെ ഫോണുകൾക്ക് ഒാർഡർ നൽകി. ഇതുമായി ഹൈദരാബാദ് സ്വദേശി എത്തിയപ്പോൾ, ഫോണുകൾ ഒറിജിനലാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനികളിലൊരാൾ അതുമായി അവിടെ നിന്നു പോയി.

രണ്ടാമത്തെയാൾ ഹൈദരാബാദുകാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ, സിഗററ്റ് വാങ്ങിയിട്ട് ഉടൻ വരാമെന്ന് പറഞ്ഞു അവിടെ നിന്ന് മുങ്ങുകയായിരുന്നു. രണ്ട് പേരെയും മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് താൻ തട്ടിപ്പിന് ഇരയായ കാര്യം ഹൈദരാബാദ് സ്വദേശി തിരിച്ചറിയുന്നത്. പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Top