ആക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും മകളും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടി

കൊല്‍ക്കത്ത: ആക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും മകളും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടി. ഹൗറ-ജോധ്പൂര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞരാത്രിയാണ് നടുക്കുന്ന സംഭവം. 40 കാരിയും 15 വയസുള്ള മകളുമാണ് പുറത്തേക്ക് ചാടിയത്. മകളെ ബലാല്‍സംഗം ചെയ്യാന്‍ ഒരുകൂട്ടം യുവാക്കള്‍ ശ്രമിച്ചതാണ് കാരണം.

കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും. അതിനിടെ ഒരുകൂട്ടം യുവാക്കള്‍ വന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് കൊണ്ടുപോയ കുട്ടിയെ ആക്രമിക്കാന്‍ തുടങ്ങി. ചന്ദാരി-കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവം.

തീവണ്ടിയില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് ഗുരുതരമായ മുറിവേറ്റു ഇരുവര്‍ക്കും. രണ്ടു മണിക്കൂറോളം ബോധരഹിതരായി കിടന്നു. ബോധം വീണ്ടെടുത്ത ശേഷം ഇരുവരും ചന്ദാരി റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു.

ഇവിടെയുള്ളവരാണ് അമ്മയെയും മകളെയും ആംബുലന്‍സില്‍ ലാലാ ലജ്പത്‌റായ് ആശുപത്രിയില്‍ എത്തിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയില്‍വേ പോലീസ് ഇക്കാര്യം അറിഞ്ഞത്. കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ റാം മോഹന്‍ റായ് പറഞ്ഞു.

ദില്ലിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്. മകള്‍ കൊല്‍ക്കത്തിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. തീവണ്ടി ഹൗറ വിട്ടതിന് ശേഷം 15ഓളം പേര്‍ മകളെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

രണ്ട് സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ആര്‍പിഎഫിനെ യുവതി വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ശല്യം ചെയ്യുന്നത് കൂടി. അലഹാബാദിലെത്തിയപ്പോള്‍ വീണ്ടും ആര്‍പിഎഫില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍മാര്‍ തങ്ങള്‍ക്കൊപ്പം യാത്ര ചെയ്തു. അക്രമികളെ കൈകാര്യം ചെയ്തു ഇറക്കിവിടുകയും ചെയ്തു.

കുറച്ചുസമയത്തിന് ശേംഷം അക്രമികള്‍ വീണ്ടുമെത്തുകയായിരുന്നു. വണ്ടി അലഹാബാദ് വിട്ടശേഷം ശല്യം ഇരട്ടിയായി. മകളെ ബലാല്‍സംഗം ചെയ്യുമെന്നും വില്‍ക്കുമെന്നും ഭീഷണിമുഴക്കി. മകള്‍ ടോയ്‌ലറ്റില്‍ പോകാന്‍ ഒരുങ്ങിയപ്പോള്‍ കുറച്ചുപേര്‍ ചേര്‍ന്ന് അവളെ വലിച്ചിഴച്ചുകൊണ്ടുപോയി.

ഈ സമയം, യുവതി ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുകയും ഇരുവരും പുറത്തേക്ക് ചാടുകയുമായിരുന്നു. മകളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ കീറിക്കളഞ്ഞിരുന്നു. രക്ഷപ്പെടാന്‍ തീവണ്ടിയില്‍ നിന്നു ചാടുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു.

Top