കൊട്ടിയത്ത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാതസ്ത്രീയുടെ ശ്രമം

കൊട്ടിയം : വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മയെ ആക്രമിച്ചശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമം . കണ്ണനല്ലൂർ വടക്കേമുക്കിനടുത്ത് ചേരീക്കോണം കനാൽ റോഡിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സക്കീറിന്റെയും സുമയ്യയുടെയും നാലുമാസം പ്രായമുള്ള സിനാൻ എന്ന കുഞ്ഞിനെയാണ് പകൽ അജ്ഞാത സ്ത്രീ തട്ടിയെടുക്കാൻ ശ്രമിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാട്ടീൽ ഭീതിപരത്തിയ സംഭവം.

കനാലിനടുത്ത് ഒറ്റപ്പെട്ട വീടിന്റെ പിൻഭാഗത്തെ തുറന്നുകിടന്ന വാതിലിൽ വഴിയാണ് സ്ത്രീ വീട്ടിനുള്ളിൽ കടന്നത്. അടുക്കളയിൽ തറയിൽ പായ വിരിച്ച് കുഞ്ഞിനെ അതിൽ കിടത്തിയിരിക്കുകയായിരുന്നു. അമ്മ സുമയ്യ സമീപത്തുതന്നെ അരി ഊറ്റിക്കൊണ്ടുനിൽക്കവെയാണ് സ്ത്രീ അടുക്കളയിലെത്തിയത്.

തറയിൽ കിടന്ന കുഞ്ഞിനെ കോരിയെടുത്ത് പുറത്തേക്കോടിയ സ്ത്രീയെ അമ്മ കടന്നുപിടിച്ചു. പിടിവലിക്കിടെ അമ്മ സുമയ്യയെയും കുഞ്ഞിനെയും തള്ളിയിട്ടശേഷം സ്ത്രീ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവ സമയം അമ്മയും കുഞ്ഞും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

സുമയ്യയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സ്ത്രീ കനാൽ റോഡിലൂടെ രക്ഷപ്പെട്ടു. ബോധരഹിതയായി നിലത്തുവീണ സുമയ്യയെ നാട്ടുകാർ കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. സംഭവമറിഞ്ഞ് കൊട്ടിയം പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വെള്ളയിൽ പുള്ളിയുള്ള സാരിയുടുത്ത് മൂക്കുകുത്തി ധരിച്ച് അൽപ്പം തടിച്ച ശരീരമുള്ള സ്ത്രീയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

Top