ജുഡീഷ്യറിയിലെ പൊട്ടിത്തെറി : കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല; നാളെ പരിഹാരമെന്ന് എ.ജി

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് സുപ്രീം കോടതി ജഡ്ജുമാര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് നിയമ സഹമന്ത്രി പി.പി ചൗധരിപറഞ്ഞു. നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണ്. കോടതിയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെയെന്നാണ് കേന്ദ്രമന്ത്രി.

അതേസമയം തര്‍ക്കങ്ങള്‍ക്ക് നാളെ പരിഹാരമുണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രകോപനത്തിലേക്ക് പോകരുതെന്നും എ.ജി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എജിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം നാല് ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താ സമ്മേളനം വിളിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുകയും രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. പ്രധാനമായും അഞ്ച് വിഷയങ്ങളാണ് വാര്‍ത്താ സമ്മേളനം വിളിച്ച ജഡ്ജുമാര്‍ ഉന്നയിച്ചത്. കേസുകള്‍ അനുവദിക്കുന്നതില്‍ വിവേചനം കാണിക്കുന്നു.

പ്രധാനപ്പെട്ട കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തന്നെ ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നു. അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പത്താം നമ്പര്‍ കോടതിക്ക് നല്‍കി. തുടങ്ങിയവയാണ് ജസ്റ്റിസുമാരുടെ പരാതികള്‍. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജഡ്ജുമാര്‍ കോടതി ബഹിഷ്‌കരിച്ച് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചത്.

ചീഫ് ജസ്റ്റിസിനെതിരായ അഴിമതി ആരോപണം ഉള്‍പ്പെടെ നേരത്തെ പുറത്തേക്ക് വന്നിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ജസ്റ്റിസ് ചെലമേശ്വര്‍ ഭരണഘടനാ ബെഞ്ചിന് വിടാന്‍ ഉത്തരവിട്ടിരുന്നു.

Top