മുസ്ലിംങ്ങളല്ലാത്തവരെ വിഷം നൽകി കൊല്ലാൻ കേരളത്തിൽ ഐ.എസ് പദ്ധതി; കനകമല ഗൂഢാലോചനയിൽ അറസ്റ്റിലായവർ വിഷം ശേഖരിക്കാനും പദ്ധതിയിട്ടെന്ന് റിപ്പോർട്ട്

കോഴിക്കോട് : മുസ്ലിംങ്ങളല്ലാത്തവരെ വിഷം നൽകി കൊല്ലാൻ കേരളത്തിൽ ഐ.എസ് പദ്ധതിയിട്ടതായി എൻ.ഐ.എ. മലയാളി തീവ്രവാദികളിൽ നിന്ന് ബോംബ് നിർമ്മിക്കാനുള്ള സാമഗ്രികൾ പിടിച്ചെടുത്തതിനു പുറമെ വിഷം സമാഹരിക്കാനുള്ള നീക്കങ്ങൾ നടത്തിയതായും എൻ.ഐ.എ കണ്ടെത്തി. 2016 ഒക്ടോബർ രണ്ടിന് കണ്ണൂർ, കനകമലയിൽ ഐ.എസ് കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ എൻ.ഐ.എക്കു ലഭിച്ചത്.

ഭക്ഷണത്തിൽ വിഷം കലർത്തിയും റെയിൽ പാളം തെറ്റിച്ചും അമുസ്ലിംങ്ങളെ കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി കഴിഞ്ഞ മാസം അബ്ദുൽ റാഷിദ് അബ്ദുള്ള രംഗത്ത് വന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മലയാളികളുടെ നേതാവാണ് കാസർകോട്ടുകാരൻ അബ്ദുൽ റാഷിദ്. റാഷിദിന്റെ ശബ്ദസന്ദേശം ശരിവെയ്ക്കും തരത്തിലാണ് നേരത്തെ അറസ്റ്റിലായ കനകമല ടീം നീക്കം നടത്തിയിരുന്നുവെന്നതാണ് എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നത്. മുസ്ലിംങ്ങളല്ലാത്തവരോട് യുദ്ധം പ്രഖ്യാപിക്കണമെന്നും ഇവരെ ഏതു വിധേനയും കൊലപ്പെടുത്തണമെന്നുമാണ് ആഗോള ഭീകരവാദ സംഘടനയായ ഐ.എസിന്റെ വാദം. ഈ ആശയത്തെ പിൻതുടർന്നാണ് വിഷ പ്രയോഗം അടക്കമുള്ളവ ഐ.എസ് നടത്തുന്നതെന്നാണ് നിരീക്ഷിക്കുന്നത്.

ശബരിമല സീസണിൽ തീവ്രവാദ സംഘങ്ങൾ റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി ഭക്ഷണത്തിൽ വിഷം കലർത്താൻ പദ്ധതിയിട്ടിരുന്നതായി ഈയിടെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. മുസ്ലിംങ്ങളല്ലാത്തവരെ വിഷം നൽകി കൊല്ലാനായിരുന്നു അബ്ദുൽ റാഷിദ് ഓഡീയോ ക്ലിപ്പിലൂടെ ആഹ്വാനം ചെയ്തിരുന്നത്.

കണ്ണൂർ സ്വദേശി മൻസീദ് എന്ന മൻസി ബുറാഖ്, കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശ്ശേരി, സ്വാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, മുഹമ്മദ് ഫയാസ്, സിദ്ദീഖുൽ അസ്ലം, സഫുവാൻ, ജാസിം, മുഈനുദ്ദീൻ പാറക്കടവത്ത്, മുജീബുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിൽ ഐ.എസ് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതെന്ന് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റിലെത്തി യുദ്ധത്തിൽ പങ്കെടുത്ത് മടങ്ങിയ മലയാളിയായ സുബ്ഹാനി ഹാജക്കെതിരെ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലും കുറ്റപത്രം സമർപ്പിച്ചു.

Top